അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന് പിന്നാലെ സാമ്പത്തിക തകര്‍ച്ച ഉണ്ടാവുമെന്ന് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). ഗള്‍ഫ് മേഖലയിലും പശ്ചിമേഷ്യയിലും സാമ്പത്തിക തകര്‍ച്ച അനുഭവപ്പെടുമെന്നും സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 3.3 ശതമാനമായി ചുരുങ്ങുമെന്നും ഐഎംഎഫിന്‍റെ ലോക സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി.

നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവാണ്  വൈറസ് വ്യാപനവും എണ്ണ വിലയിലെ ഇടിവും മൂലമുണ്ടാകാന്‍ പോകുന്നതെന്ന് ഐഎംഎഫിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അറബ് രാജ്യങ്ങളും ഇറാനും ഉള്‍പ്പെടുന്ന പ്രദേശത്ത് 1978നു  ശേഷം ഉണ്ടാകുന്ന ഏറ്റവും മോശം സാമ്പത്തിക പ്രകടനമായിരിക്കും നേരിടേണ്ടി വരിക. ഒപെക് ഒപെക് ഇതര രാജ്യങ്ങളുടെ കൂട്ടായ തീരുമാനമനുസരിച്ചു എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ചതോടെ 2019 ല്‍  0.3 ശതമാനം വളര്‍ച്ച കൈവരിച്ച സൗദി സമ്പദ്വ്യവസ്ഥയുടെ സാധ്യതകളെ കൂടുതല്‍ മന്ദീഭവിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.

യുഎഇയുടെ സമ്പദ്വ്യവസ്ഥ 3.5 ശതമാനം ചുരുങ്ങും. ഗള്‍ഫിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഖത്തറില്‍ 4.3 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായ ഇറാനിലെ സമ്പദ്വ്യവസ്ഥ 2020 ല്‍ 6.0 ശതമാനം ചുരുങ്ങുമെന്നാണ് പ്രവചനം. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ അപേക്ഷിച്ച് സമ്പദ്ഘടന മോശമാകുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി ലോക സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

 അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ കാല്‍ലക്ഷത്തോടടുക്കുന്നു. മരണം 155 ആയി. ഗള്‍ഫില്‍ 24,117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് സൗദി അറേബ്യയിലാണ്. 24 മണിക്കൂറിനിടെ 1132 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. സൗദിയില്‍ മാത്രം മരണം 92 ആയി. യുഎഇ രോഗബാധിതരുടെ എണ്ണം 6302 ആയി.  കുവൈത്തില്‍ 1751 പേര്‍, ഖത്തറില്‍ 5008, ഒമാന്‍ 1069, ബഹ്‌റൈന്‍ 1019 എന്നിങ്ങനെയാണ് നിലവില്‍ വിവധ ഗള്‍ഫ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം.