റിയാദ്: സൗദിയിൽ ഒൻപത് മാസത്തിനിടെ നൽകിയത് ആറ് ലക്ഷം വിസകൾ. പുതിയതായി കൊമേർഷ്യൽ രജിസ്‌ട്രേഷൻ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് ഒൻപത് തൊഴിൽ വിസകൾ വരെ ഉടൻ അനുവദിക്കുന്ന സേവനം തൊഴിൽ മന്ത്രാലയം തുടങ്ങി. സൗദിയിൽ ബിസിനസ്സ് രംഗം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് തൽക്ഷണം വിസ അനുവദിക്കുന്നത്.

ഉയർന്ന തോതിൽ സ്വദേശിവൽക്കരണം പാലിക്കുന്ന സ്ഥാപനങ്ങൾക്കും വിദേശങ്ങളിൽനിന്നു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉടൻ വിസ അനുവദിക്കുന്ന സേവനവും തൊഴിൽ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 
നേരത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിസ ലഭിക്കുന്നതിന് എട്ട് മാസം വരെ എടുത്തിരുന്നു. ഉടൻ വിസ ലഭിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾ സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഇടത്തരം പച്ചയും അതിന് മുകളിലുമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.

സ്ഥാപനങ്ങൾ വേതന സുരക്ഷാ പദ്ധതി പാലിക്കുകയും വേണം. കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ ആകെ 606440 തൊഴിൽ വിസകളാണ് തൊഴിൽ മന്ത്രാലയം അനുവദിച്ചത്. ഇതിൽ 57.2 ശതമാനം അനുവദിച്ചത് സ്വകാര്യ സ്ഥാപനങ്ങൾക്കാണ്.