Asianet News MalayalamAsianet News Malayalam

Abu Dhabi Drone Attack : അബുദാബി ഡ്രോണ്‍ ആക്രമണം; യുഎഇയ്ക്ക് പിന്തുണയുമായി ഇന്ത്യ

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി എസ് ജയ്ശങ്കര്‍ ട്വിറ്ററില്‍ അറിയിച്ചു. ഹൂതി ആക്രമണത്തെ അസ്വീകാര്യമായ പ്രവൃത്തിയെന്നാണ് എസ് ജയ്ശങ്കര്‍ ട്വീറ്റില്‍ കുറിച്ചത്.

India expressed solidarity to UAE over Abu Dhabi drone attack
Author
Abu Dhabi - United Arab Emirates, First Published Jan 18, 2022, 7:35 PM IST

ദില്ലി: അബുദാബി ഡ്രോണ്‍ ആക്രമണത്തില്‍(Abu Dhabi Drone Attack) യുഎഇയ്ക്ക് (UAE)പിന്തുണയുമായി ഇന്ത്യ. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിക്കവെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറാണ് യുഎഇയ്ക്ക് പിന്തുണയറിച്ചത്. 

ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം അറിയിക്കാനായി ശൈഖ് അബ്ദുല്ല, ഡോ. എസ് ജയ്ശങ്കറിനെ ഫോണില്‍ വിളിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി എസ് ജയ്ശങ്കര്‍ ട്വിറ്ററില്‍ അറിയിച്ചു. ഹൂതി ആക്രമണത്തെ അസ്വീകാര്യമായ പ്രവൃത്തിയെന്നാണ് എസ് ജയ്ശങ്കര്‍ ട്വീറ്റില്‍ കുറിച്ചത്.
 

 

അബുദാബി ഡ്രോണ്‍ ആക്രമണം; യുഎഇക്ക് പിന്തുണയുമായി അമേരിക്ക ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍

അബുദാബി: തിങ്കളാഴ്‍ച അബുദാബിയില്‍ (Abu Dhabi) രണ്ടിടങ്ങളിലുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് (Houthi drone attack) പിന്നാലെ യുഎഇക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പിന്തുണ അറിയിച്ചും ലോകരാജ്യങ്ങള്‍. ആക്രമണത്തിന് പിന്നില്‍ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണ് (Houthi rebels) തിങ്കളാഴ്‍ച രാത്രി യുഎഇ വിദേശകാര്യ അന്തരാഷ്‍ട്ര സഹകരണ മന്ത്രാലയം (UAE Ministry of Foreign Affairs and International Cooperation) അറിയിച്ചിരുന്നു. യെമനിലെ ഹൂതി ശക്തി കേന്ദ്രങ്ങളില്‍  സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന (Arab coalition forces) ശക്തമായ ആക്രമണം നടത്തുകയും ചെയ്‍തു.

യുഎഇക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച അമേരിക്ക, രാജ്യത്തിന് നേരെയുള്ള എല്ലാ ഭീഷണികളെയും ചെറുക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് പ്രസ്‍താവനയിലൂടെ അറിയിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിന്‍കെന്‍, യുഎഇ വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി ഫോണില്‍ സംസാരിച്ചു. ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും ആക്രമണത്തിന്റെ പ്രത്യാഘാതത്തിനും അവരെ ഉത്തരവാദികളാക്കാന്‍ യുഎഇയുമായും അന്താരാഷ്‍ട്ര സഹകാരികളുമായും ചേര്‍ന്ന് അമേരിക്ക പ്രവര്‍ത്തിക്കുമെന്നും വൈറ്റ് ഹൗസ്‌ പുറത്തിറക്കിയ പ്രസ്‍താവനയില്‍ ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് ജെയ്‍ക് സള്ളിവന്‍ പറഞ്ഞു.

സാധാരണ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ എല്ലാ അന്താരാഷ്‍ട്ര - മനുഷ്യാവകാശ നിയമങ്ങളും ലംഘിച്ചുള്ളവയാണെന്ന് ഐക്യരാഷ്‍ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുണ്ടെറസ് അഭിപ്രായപ്പെട്ടു. യുഎഇക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു. 

ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെ ശക്തമായി അപലിച്ചുകൊണ്ട് സൗദി അറേബ്യ രംഗത്തെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി ഫോണില്‍ സംസാരിച്ചു. ആക്രമണത്തെ അപലപിച്ചുകൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കുകയും ചെയ്‍തു.

എല്ലാ അന്താരാഷ്‍ട്ര മര്യാദകളും ലംഘിച്ചുകൊണ്ടുള്ള ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും യെമന്‍ വിദേശകാര്യ മന്ത്രാലയവും, ഗള്‍ഫ് സഹകരണ കൗണ്‍സില്‍,  അറബ് പാര്‍ലമെന്റ്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ എന്നിവയും ആക്രമണത്തെ അപലപിക്കുകയും യുഎഇക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‍തു. 

തിങ്കളാഴ്‍ച രാവിലെയാണ് അബുദാബിയില്‍ രണ്ടിടങ്ങളില്‍ സ്‍ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്‍ഫോടനങ്ങള്‍. മുസഫയില്‍  മൂന്ന് പേര്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും  ചെയ്‍തു. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പൊലീസ്  അറിയിച്ചു.  മുസഫയിൽ അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3ല്‍ മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ തീ പിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു.

യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണമാണ് സ്‍ഫോടനങ്ങള്‍ക്ക് കാരണമായതെന്ന് തിങ്കളാഴ്‍ച രാത്രിയോടെ യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭീകരാക്രമണത്തോടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കാന്‍ യുഎഇക്ക് എല്ലാ അവകാശവുമുണ്ടെന്ന് വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അബുദാബിയില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തെ സുതാര്യമായും ഉത്തരവാദിത്തതോടുമാണ് യുഎഇ കൈകാര്യം ചെയ്യുന്നതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്‍ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു. മേഖലയുടെ സുരക്ഷയും സുരക്ഷിതത്വവും ഇല്ലാതാക്കാന്‍ ഹൂതികള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios