ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ചരക്ക് കപ്പലിന് തീപിടിച്ച് ഒരു ജീവനക്കാരൻ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. തീപിടിത്തത്തെ തുടർന്ന് കപ്പൽ മുങ്ങിയെന്നും, പരിക്കേറ്റവർക്ക് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സഹായം നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം കടലിൽ വെച്ച് ഇന്ത്യൻ ചരക്ക് കപ്പലിന് തീപിടിച്ച് ഒരു ഇന്ത്യൻ ജീവനക്കാരൻ മരണപ്പെടുകയും നാല് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത വിവരം സ്ഥിരീകരിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത തടികൊണ്ടുള്ള ചരക്ക് കപ്പലിന് വെള്ളിയാഴ്ച രാത്രിയാണ് തീപിടിച്ചത്. തീ പടർന്നതിന് പിന്നാലെ കപ്പൽ കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരെ ആ വഴി കടന്നുപോയ മറ്റൊരു കപ്പൽ രക്ഷപ്പെടുത്തി. പരിക്കേറ്റ നാലുപേരും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു. മരിച്ച നാവികന്റെ കുടുംബത്തെ അനുശോചനം അറിയിച്ച കോൺസുലേറ്റ് രക്ഷപ്പെട്ട ജീവനക്കാരുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയതായും വ്യക്തമാക്കി.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മരണപ്പെട്ട ഇന്ത്യക്കാരന്‍റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. കപ്പലിന്‍റെ ഉടമയുമായി കോൺസുലേറ്റ് നിരന്തരം ബന്ധപ്പെട്ടുവരികയാണ്. പരിക്കേറ്റവർക്കും മറ്റുള്ളവർക്കും വേണ്ട എല്ലാ നിയമപരവും മാനുഷികവുമായ സഹായങ്ങൾ മുൻഗണനാക്രമത്തിൽ നൽകുമെന്നും അധികൃതർ അറിയിച്ചു.

അമേരിക്ക-ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്ന അതീവ സങ്കീർണ്ണമായ സാഹചര്യത്തിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, കടലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ തൊഴിലുടമകളുമായും സ്‌പോൺസർമാരുമായും കൃത്യമായ ആശയവിനിമയം നടത്തണമെന്നും കോൺസുലേറ്റ് നിർദ്ദേശിച്ചു. തീപിടിത്തത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ചയാളുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ ബന്ധുക്കളെ അറിയിച്ച ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.