റിയാദ്​: പുതിയ പാസ്‍പോര്‍ട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കി കിട്ടുന്നതിനും കാലതാമസമുണ്ടാകുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു. പുതിയ പാസ്‍പോര്‍ട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനുമായി ലഭിക്കുന്ന അപേക്ഷകളിന്മേൽ തീരുമാനമെടുക്കാൻ പൊലീസ്​ വെരിഫിക്കേഷൻ കൂടി വേണ്ടതുള്ളതു കൊണ്ടാണ് കാലാതാമസമെന്നും കോണ്‍സുലേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

പുതിയ നിര്‍ദേശമനുസരിച്ച് ഓരോ അപേക്ഷകളിന്മേലും അപേക്ഷകന്റെ നാട്ടിലെ മേൽവിലാസ പ്രകാരമുള്ള അതത്​ പ്രദേശത്തെ പൊലീസിൽ നിന്നുള്ള വെരിഫിക്കേഷൻ നിർബന്ധമാക്കിയിരിക്കുകയാണ്​. ഈ റിപ്പോർട്ടിനായി നാട്ടിലേക്ക് അപേക്ഷകൾ അയച്ചതിന്​ ശേഷം ഏതാനും ദിവസങ്ങൾ മുതൽ ഒരു മാസം വരെ റിപ്പോർട്ട് ലഭിക്കാൻ സമയം വേണ്ടിവരുന്നുണ്ട്. നാട്ടിലേക്ക് പോകാൻ തയാറാവുന്ന പ്രവാസികൾ ഇക്കാര്യം കണക്കിലെടുത്ത് യാത്ര തടസ്സപ്പെടാതിരിക്കാന്‍ മുന്‍കൂട്ടി തന്നെ അപേക്ഷ നല്‍കണം. 

റിപ്പോർട്ട് പെട്ടെന്ന് ലഭിക്കാനായി അപേക്ഷകർ അവരുടെ നാട്ടിലെ അഡ്രസ്, പൊലീസ് സ്റ്റേഷൻ, നാട്ടിൽ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം. വളരെ അത്യാവശ്യമായി പാസ്‍പോർട്ട് ഇഷ്യൂ ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ അത്തരം ആളുകൾ ‘തത്കാൽ’ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും കോൺസുലേറ്റ് അറിയിച്ചു.