സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ പല തവണ വിളിച്ചെങ്കിലും കോൾ എടുത്തില്ല. വിജയിയായ ഇന്ത്യക്കാരന്‍റെ ജീവിതത്തില്‍ പിന്നീട് ട്വിസ്റ്റ്. 

അബുദാബി: നിരവധി മലയാളികളെയടക്കം കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്‍റെ വിവിധ നറുക്കെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ സമ്മാനം നേടിയിട്ടുള്ളതും പ്രവാസികളാണ്. യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പായ ബിഗ് ടിക്കറ്റ് വമ്പന്‍ സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ നല്‍കുന്നത്. റിച്ചാര്‍ഡും ബുഷ്രയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പുകള്‍ക്ക് പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്. സമ്മാന വിവരം അറിയിക്കുന്നതിനായി ലൈവ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് റിച്ചാര്‍ഡും ബുഷ്രയും ചേര്‍ന്നാണ് വിജയികളെ സാധാരണ ഫോണ്‍ വിളിക്കുന്നത്. എന്നാല്‍ സമ്മാനം നേടിയ വിവരം അറിയിക്കാന്‍ നിരവധി തവണ വിളിച്ചിട്ടും കോള്‍ എടുക്കാതിരുന്ന ഒരു വിജയിയുണ്ട്.

സമ്മാനം നേടിയെന്ന് പറയുന്നതിനായി പ്രവാസി ഇന്ത്യക്കാരനായ സെല്‍വ ജോൺസണെ നിരവധി തവണ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ബന്ധപ്പെട്ടു. എന്നാല്‍ പല തവണ വിളിച്ചിട്ടും കോള്‍ എടുത്തില്ല. ലൈവ് നറുക്കെടുപ്പിനിടെയാണ് സംഭവം. മൂന്ന് തവണ സെല്‍വയെ ഫോൺ വിളിച്ചെങ്കിലും കോള്‍ എടുക്കാത്തതിനാല്‍ സംസാരിക്കാനായില്ല. തുടര്‍ന്ന് ലൈവ് നറുക്കെടുപ്പ് അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ബിഗ് ടിക്കറ്റ് സംഘം തുടര്‍ന്നും സെല്‍വയെ വിവരം അറിയിക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ താന്‍ സമ്മാനം നേടിയ വിവരം അദ്ദേഹം അറിയുകയുമായിരുന്നു. ബിഗ് ടിക്കറ്റ് പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പ് സീരീസ് 276ല്‍ 150,000 ദിര്‍ഹം (35 ലക്ഷം ഇന്ത്യൻ രൂപ)ആണ് സെല്‍വ നേടിയത്. കഴിഞ്ഞ 24 വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന 45കാരനായ സെല്‍വ, കഴിഞ്ഞ എട്ട് വര്‍ഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റിലൂടെ തന്‍റെ ഭാഗ്യം പരീക്ഷിക്കാറുണ്ട്.

സമ്മാന വിവരം അറിയിച്ചു കൊണ്ടുള്ള കോൾ ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞെന്ന് മെക്കാനിക്കല്‍ ടെക്നീഷ്യനായ സെല്‍വ പറഞ്ഞു. അദ്ദേഹത്തിന്‍റെ ആദ്യ വിജയമാണിത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് സെല്‍വ ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് 10 പേരടങ്ങുന്ന സുഹൃദ് സംഘത്തിനൊപ്പം ടിക്കറ്റ് വാങ്ങാനും തുടങ്ങുകയായിരുന്നു. ഒടുവില്‍ കാത്തിരിപ്പ് ഫലം കാണുകയും വിജയിക്കുകയുമായിരുന്നു. എല്ലാവരും ഭാഗ്യം പരീക്ഷിക്കണമെന്ന് സെല്‍വ പറയുന്നു.