ഷാര്‍ജ: പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഷാര്‍ജയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 21കാരനായ ജ്യോതിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ റൊള്ളയിലെ ഫാമിലി അപ്പാര്‍ട്ട്‌മെന്റില്‍ നവംബര്‍ രണ്ടിന് രാത്രിയാണ് സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ജ്യോതിനെ കണ്ടെത്തിയതെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനമെന്ന് പൊലീസ് അറിയിച്ചു. 

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിരുന്നു. അന്വേഷണത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. ദുബൈയില്‍ നാലാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു ജ്യോത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം ഉണ്ടായത്. മാതാപിതാക്കള്‍ അല്‍ ഐനില്‍ പോയി തിരികെയെത്തിയപ്പോഴാണ് ജ്യോതിനെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയതെന്ന് സഹോദരന്‍ നിരലിനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.