റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മംഗലാപുരം സ്വദേശി മരിച്ചു. ദമ്മാമിൽ നിന്നും 80 കിലോമീറ്റർ അകലെ അബ്‌ഖൈഖിന് സമീപം അൽഅഹ്സ ഹൈവേയിലാണ് കാറും ജീപ്പും കൂട്ടിയിടിച്ചത്. മംഗലാപുരം കൃഷ്ണപുരം സ്വദേശി നൗഷീറാണ് (27) മരിച്ചത്. ജുബൈലിലെ ഇ.ആർ.സി കമ്പനിയിൽ മാർക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന നൗഷീര്‍, സുഹൃത്തും നാട്ടുകാരനുമായ ഇർഷാദുമായി കാറിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന സൗദി പൗരൻറ ജി.എം.സി വാഹനം ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.

ജി.എം.സിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ടുവന്നാണ് കാറിലിടിച്ചത്. ഇർഷാദായിരുന്നു കാർ ഓടിച്ചിരുന്നത്. ഇയാൾ ഗുരുതര പരിക്കുകളോടെ അബ്‌ഖൈഖ് മിലിറ്ററി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മുൻവശത്ത് സൈഡ് സീറ്റിൽ ഇരുന്ന നൗഷീർ തൽക്ഷണം മരിച്ചു. സൗദി പൗരനും ഗുരുതര പരിക്കുകളോടെ അബ്‌ഖൈഖ് മിലിട്ടറി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. നൗഷീർ അവിവാഹിതനാണ്. ദമ്മാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജുബൈലിൽ ഖബറടക്കും. നിയമനടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ കെ.സി.എഫ്, ഐ.എസ്.എഫ് എന്നീ സംഘടനകളുടെ സഹകരണത്തോടെ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകൻ ഇബ്ബ ബച്ച അറിയിച്ചു.