Asianet News MalayalamAsianet News Malayalam

ജോലിക്കിടെ പരിക്കേറ്റ പ്രവാസി 'നവയുഗം' ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

ഹുറൂബിൽ ആയിരിക്കുകയും, പാസ്‍പോർട്ടും ഇഖാമയും കാലാവധി കഴിഞ്ഞതിനാലും, നാട്ടിലേയ്ക്ക് മടങ്ങാൻ നിയമക്കുരുക്കുകൾ ഏറെയായിരുന്നു. 

indian expatriate who injured in saudi arabia repatriated with the help of navayugam social workers
Author
Riyadh Saudi Arabia, First Published Apr 12, 2021, 5:26 PM IST

ദമ്മാം: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽപ്പെട്ട് കിടപ്പിലായ പശ്ചിമ ബംഗാൾ സ്വദേശി, 'നവയുഗം' ജീവകാരുണ്യ വിഭാഗത്തിന്റ സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. കൊല്‍ക്കത്ത സ്വദേശിയായ ബാദൽ മണ്ഡൽ പത്തു വർഷമായി സൗദിയിൽ പ്രവാസിയാണ്. കുറേക്കാലം ഒരു സ്‍പോൺസറുടെ കീഴിൽ ജോലി ചെയ്തിരുന്നെങ്കിലും, പിന്നീട് അവിടെ നിന്ന് ഒളിച്ചോടിയതിനാൽ, സ്‍പോൺസർ ഹുറൂബ് ആക്കി. ഇവിടെത്തന്നെ ജോലി ചെയ്യുന്ന സഹോദരനുമൊത്ത് കൂലിപ്പണി ചെയ്തായിരുന്നു ജീവിതം.

ഒരു മാസം മുൻപ്, ഒരു ജോലിസ്ഥലത്ത് പണി ചെയ്യുന്നതിനിടയിൽ, സ്‍കഫോൾഡിങ്ങിൽ നിന്നും വീണ് ബാദലിന് ഗുരുതരമായി പരിക്കേറ്റു. കോബാർ ഷിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിയ്ക്കപ്പെട്ട അയാൾ, നട്ടെല്ലിനും, കാലിനും പൊട്ടലുണ്ടായതിനാൽ കുറച്ചു കാലം കിടപ്പിലായി. ഇൻഷുറൻസ് ഇല്ലാതിരുന്ന ബാദലിനെ ഷിഫ ആശുപത്രി അധികൃതർ നന്നായി സഹായിച്ചു. അവിടത്തെ ചികിത്സയിലൂടെ നിവർന്ന് ഇരിക്കാനും, വീൽചെയറിൽ സഞ്ചരിക്കാനും കഴിയുന്ന അവസ്ഥയിലായി. തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് അയയ്ക്കാൻ ആശുപത്രി അധികൃതർ നിർദ്ദേശിക്കുകയായിരുന്നു.

ഹുറൂബിൽ ആയിരിക്കുകയും, പാസ്‍പോർട്ടും ഇഖാമയും കാലാവധി കഴിഞ്ഞതിനാലും, നാട്ടിലേയ്ക്ക് മടങ്ങാൻ നിയമക്കുരുക്കുകൾ ഏറെയായിരുന്നു. തുടർന്ന് ബാദലിന്റെ സഹോദരൻ നവയുഗം ജീവകാരുണ്യ പ്രവർത്തകരായ പദ്‍മനാഭൻ മണിക്കുട്ടനെയും മഞ്ജു മണിക്കുട്ടനെയും ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. മണിക്കുട്ടനും, മഞ്ജു മണിക്കുട്ടനും കൂടി ഈ കേസ് ഏറ്റെടുത്തു. ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് ബാദലിന് ഔട്ട് പാസ് എടുത്തുകൊടുത്തു. തർഹീലുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റും അടിച്ചു. എയർലൈൻസുമായി ബന്ധപ്പെട്ട് വീൽചെയറിൽ വിമാനയാത്ര ചെയ്യാനുള്ള അനുമതി നേടി എടുത്തു. ബാദലിന്റെ സഹോദരൻ കൂടെ യാത്ര ചെയ്യാൻ തയ്യാറായി. നിയമനടപടികളെല്ലാം പൂർത്തിയാക്കി, പത്തുവർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച്, ബാദൽ നാട്ടിലേയ്ക്ക് മടങ്ങി.

Follow Us:
Download App:
  • android
  • ios