ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരിക്കും ഇസ്രയേലില്‍ വെച്ച് ഉച്ചകോടി നടക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങളുമായി 2020ല്‍ ഇസ്രയേല്‍ നയതന്ത്ര കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഈ രാജ്യങ്ങളിലെയും അമേരിക്കയിലെയും ഉന്നത നയതന്ത്രജ്ഞരെ പങ്കെടുപ്പിച്ച് കൊണ്ട് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 

ജറുസലേം: ചരിത്രത്തിലാദ്യമായി ഇസ്രയേലില്‍ മൂന്ന് അറബ് രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉച്ചകോടിക്ക് വേദിയൊരുങ്ങുന്നു. അമേരിക്കക്ക് പുറമെ യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലെ ഉന്നത നയതന്ത്രജ്ഞര്‍ പങ്കെടുക്കുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്ന നിര്‍ണായ പ്രഖ്യാപനം വെള്ളിയാഴ്‍ചയാണ് ഇസ്രയേല്‍ നടത്തിയത്. 

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരിക്കും ഇസ്രയേലില്‍ വെച്ച് ഉച്ചകോടി നടക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങളുമായി 2020ല്‍ ഇസ്രയേല്‍ നയതന്ത്ര കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഈ രാജ്യങ്ങളിലെയും അമേരിക്കയിലെയും ഉന്നത നയതന്ത്രജ്ഞരെ പങ്കെടുപ്പിച്ച് കൊണ്ട് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 

ഇസ്രയേല്‍ വിദേശകാര്യ മന്ത്രി യായിര്‍ ലാപിഡ് ആതിഥേയനാകുന്ന സമ്മേളനത്തില്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ജെ ബ്ലിങ്കണ്‍, യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, മൊറോക്കന്‍ വിദേശകാര്യ മന്ത്രി നാസര്‍ ബോറിറ്റ എന്നിവര്‍ പങ്കെടുക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കയുടെ മധ്യസ്ഥതയില്‍ 2020ലാണ് യുഎഇ അബ്രഹാം അക്കോര്‍ഡ് കരാറിലൂടെ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം സാധാരണനിലയിലാക്കിയത്. ബഹ്‌റൈനും മൊറോക്കോയും യുഎഇയെ പിന്തുടര്‍ന്ന് ഇസ്രയേലുമായി കരാറിലേര്‍പ്പെട്ടു. സുഡാനും ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ സമ്മതം അറിയിച്ചതാണെങ്കിലും ഇരുരാജ്യങ്ങളും ഇതുവരെ ഔദ്യോഗികമായി കരാറില്‍ ഒപ്പിവെച്ചിട്ടില്ല.