സോഫ്റ്റ്‍വെയർ എഞ്ചിനീയർമാരായ ഇരുവരും 10 വർഷം മുമ്പാണ് അമേരിക്കയിലെത്തിയത്. വാഹനം ഓടിക്കുന്നതിനിടെ സ്റ്റോപ്പ് സിഗ്നൽ അവഗണിച്ച് മുന്നോട്ട് നീങ്ങിയതാണ് വലിയ ദുരന്തത്തിൽ കലാശിച്ചതെന്ന് പൊലീസ് പറ‌യുന്നു.

പോർട്ട്‍ലാൻഡ്: അമേരിക്കയിലെ പോർട്ലാൻഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യക്കാരിയും മകളും മരിച്ചു. യുവതിയുടെ ഭർത്താവും മകനും പരിക്കുകളോടെ ചികിത്സയിലാണ്. യുവതിയുടെ ജന്മദിനത്തിൽ കുടുംബസമേതം പ്രാ‍ർത്ഥിക്കാൻ ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

കഴിഞ്ഞ 10 വ‍ർഷമായി അമേരിക്കയിൽ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിനി കമദം ഗീതാ‌ഞ്ജലി (32), മകൾ ഹനിക (5) എന്നിവരാണ് മരിച്ചത്. ഗീതാഞ്ജലിയുടെ ഭർത്താവ് നരേഷ്, മകൻ ബ്രമൺ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. ഗീതാഞ്ജലിയുടെ 32-ാം ജന്മദിനത്തിലാണ് കുടുംബത്തിലെ എല്ലാവരും ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ടത്. യുവതി തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നതും. സൗത്ത് മെറിഡിയൻ റോഡിലൂടെ പോകുന്നതിനിടെ റോഡിലെ ഒരു സ്റ്റോപ്പ് സിഗ്നൽ അവഗണിച്ച് വാഹനം മുന്നോട്ട് നീങ്ങുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തിൽപെടുകയുമായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. 18 വയസുകാരനായ യുവാവ് ഓടിച്ച വാഹനവുമായാണ് ഇവരുടെ കാർ കൂട്ടിയിടിച്ചത്.

ഗീതാഞ്ജലിയുടെ മകൾ ഹനിക (5) സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ അധികം വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭ‍ർത്താവും മകനും ആശുപത്രിയിലാണ്. മകന്റെ കാലിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തിയെന്നും അധികൃത‍ർ അറിയിച്ചു. ഗീതാഞ്ജലിയും ഭ‍ർത്താവും സോഫ്റ്റ്‍വെയർ എഞ്ചിനീയ‍ർമാരാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ആന്ധ്രാപ്രദേശിലെ ഇവരുടെ ബന്ധുക്കൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്