കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളിക്കടക്കമാണ് ഇത്തവണ ബിഗ് ടിക്കറ്റില്‍ സമ്മാനങ്ങള്‍ സ്വന്തമാക്കിയത്. പ്രതിവാര നറുക്കെടുപ്പിലാണ് ഇവര്‍ വിജയികളായത്.
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ മലയാളികളെ തേടി വീണ്ടും ഭാഗ്യമെത്തി. ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ ഇലക്ട്രോണിക് നറുക്കെടുപ്പിലാണ് മൂന്ന് മലയാളികള്‍ക്ക് 150,000 ദിര്‍ഹം (35 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) ലഭിച്ചത്. മലയാളിയായ മത്സ്യത്തൊഴിലാളിയടക്കമാണ് ഇത്തവണ വിജയിച്ചത്.
മത്സ്യത്തൊഴിലാളിയായ 39കാരന്‍ സുല്‍ഫീക്കര്‍ പാക്കര്‍കന്‍റെ പുരക്കല്‍ ബഷീര്‍ പാക്കര്‍കന്‍റെ ആണ് ഇതിലൊരു വിജയി. കഴിഞ്ഞ 10 വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് അപ്രതീക്ഷിതമായി ഭാഗ്യം കൈവരികയായിരുന്നു. 12 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ് സുല്‍ഫീക്കര്‍. സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം തുല്യമായി പങ്കിടാനാണ് സുല്‍ഫീക്കറിന്‍റെ തീരുമാനം. വിജയിയായെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും സുല്‍ഫീക്കര്‍ പറഞ്ഞു.
കഴിഞ്ഞ 24 വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന മറ്റൊരു പ്രവാസിയായ സെല്‍വ ജോൺസണാണ് 150,000 ദിര്‍ഹം നേടിയ അടുത്ത ഭാഗ്യശാലി. എട്ട് വര്‍ഷമായി ഇദ്ദേഹം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴി ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞ ഇദ്ദേഹം 10 സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റ് വാങ്ങി തുടങ്ങുകയായിരുന്നു.
ദുബൈയില്‍ ജോലി ചെയ്യുന്ന എല്‍ദോ തോമ്പ്രയില്‍ ആണ് 150,000 ദിര്‍ഹം നേടിയ മറ്റൊരു ഭാഗ്യശാലി. മെച്ചപ്പെട്ട ജോലി തേടി രണ്ട് വര്‍ഷം മുമ്പാണ് എല്‍ദോ ദുബൈയിലെത്തിയത്. അന്ന് മുതല്‍ ഇദ്ദേഹം എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. 17 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് എല്‍ദോ ടിക്കറ്റ് വാങ്ങുന്നത്. സമ്മാനം നേടാനായതിലെ സന്തോഷം അദ്ദേഹം പങ്കുവെച്ചു.
