കൊച്ചി: പ്രവാസികളെ രാജ്യദ്രോഹികളെ പോലെ കാണുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. അതിഥി തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് ലഭിക്കില്ലെന്ന തരത്തില്‍ ഉത്തരവിറക്കാനുള്ള ആത്മധൈര്യം അവിശ്വസനീയമാണ്. അതിഥി തൊഴിലാളികളും പ്രവാസികളും തമ്മില്‍ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ അതിഥി തൊഴിലാളികള്‍ക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങള്‍ പോലും പ്രവാസികള്‍ക്ക് കൊടുക്കേണ്ടതില്ലെന്ന ഉത്തരവ് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ കേരള ജനതയുടെ ഭാഗമായവരാണ്. അതിഥി തൊഴിലാഴികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പ്രവാസികളുടെ മുഖ്യമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയാണ്. സ്വന്തം ജനങ്ങളുടെ കാര്യങ്ങള്‍ പരിഗണിക്കാന്‍ സന്നദ്ധമല്ലെന്ന് പറയുന്നത് നിഷേധാത്മക നിലപാടാണ്.  പ്രവാസികളോട് എന്താണ് വൈരാഗ്യമെന്ന് മനസിലാകുന്നില്ല. ഓരോ ദിവസത്തെയും സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രവാസികളെ ദ്രോഹിക്കുന്നതിന് വേണ്ടിയാണ്. പ്രവാസികളെ സര്‍ക്കാര്‍ ഏത് രീതിയിലാണ് കാണുന്നതെന്നതിനുള്ള തെളിവാണിത്. 

സര്‍ക്കാറിന് പറയുന്നതും ചെയ്യുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. നേരത്തെ ഇറ്റലിയില്‍ നിന്ന് കൊണ്ടുവരുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. എല്ലാവരും അതിന് ഐക്യകണ്ഠേന പിന്തുണച്ചു. ആ പ്രമേയത്തിന് ഒരു വിലയും നല്‍കാതെ മുഖ്യമന്ത്രി, നിയമസഭയെ പോലും പുച്ഛിച്ചുകൊണ്ട് മറിച്ചുള്ള തീരുമാനങ്ങളെടുക്കുന്നു. പ്രവാസികളെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും അവര്‍ വരുന്നത് ഏതൊക്കെ രീതിയില്‍ തടസപ്പെടുത്താമെന്ന് നോക്കുകയും ചെയ്യുകയാണ് സര്‍ക്കാറെന്നും അദ്ദേഹം ആരോപിച്ചു.