ദുബൈ: നാട്ടില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വരികയായിരുന്ന മലയാളി യുവാവ് ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി അരിപ്രത്തൊടിക അഷ്‍കര്‍ അലി (38) ആണ് മരിച്ചത്. ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്‍ചയായിരുന്നു അന്ത്യം.

എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയത്. അവധി കഴിഞ്ഞ് മടങ്ങുന്നതിനായി മൂന്നാഴ്‍ച മുമ്പാണ് ദുബൈയിലെത്തിയത്. അവിടെ വെച്ച് കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഭാര്യ - ഉമ്മുസല്‍മ, മക്കള്‍ - മുഹമ്മദ് സിനാന്‍, ഫാത്തിമ സന, ഹാദി അഷ്‍കര്‍.