റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ കൊല്ലം സ്വദേശി ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സ്വദേശി വലിയത്ത് സൈനുദ്ദീൻ (65) ആണ് മരിച്ചത്. അസുഖ ബാധിതനായി അഞ്ച് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ഖമീസ് മുശൈത്ത് അൽഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

രക്തത്തിൽ പഞ്ചസാരയുടെ ഉയർന്ന അളവും നുമോണിയ ബാധയുമുണ്ടായിരുന്ന ഇദ്ദേഹം ഞായറാഴ്ച രാവിലെ ആറോടെയാണ് മരിച്ചത്. 33 വർഷമായി ഖമീസ് മുശൈത്തിലെ എം. അഹ്‍ലി ആശുപത്രിക്ക് സമീപം മിനി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. കുടുംബവും ഖമീസിലുണ്ട്. 

ഭാര്യ: സീനത്ത്. മക്കൾ: സബീന, സൽ‍മ, സാമിയ (ജിദ്ദ). മരുമക്കൾ: സുനിൽ അഹമ്മദ്, അബ്ദുൽ ഹക്കീം (നജ്‌റാൻ), ജാസിം (ജിദ്ദ). അൽഹയാത്ത് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ഖമീസ് മുശൈത്തിൽ ഖബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.