2008ലാണ് വിനോദ് ദുബായിലെ ഒരു ബാങ്കില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡും 83,000 ദിര്‍ഹം വായ്പയും എടുത്തത്. പിന്നീട് കൃത്യമായി തുക തിരിച്ചടച്ചെങ്കിലും ഇടയ്ക്ക് ഒമാനിലേക്ക് സ്ഥലം മാറ്റപ്പെട്ടതോടെ അടവ് മുടങ്ങി.

ദുബായ്: വായ്പാ കുടിശിക അടച്ചുതീര്‍ത്തിട്ടും വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുപ്പെട്ട മലയാളിക്ക് ഒരു ലക്ഷം ദിര്‍ഹം (19 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കോട്ടയം പാമ്പാടി സ്വദേശി വിനോദിനെയാണ് ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ വെച്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മൂന്ന് ദിവസം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തു.

2008ലാണ് വിനോദ് ദുബായിലെ ഒരു ബാങ്കില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡും 83,000 ദിര്‍ഹം വായ്പയും എടുത്തത്. പിന്നീട് കൃത്യമായി തുക തിരിച്ചടച്ചെങ്കിലും ഇടയ്ക്ക് ഒമാനിലേക്ക് സ്ഥലം മാറ്റപ്പെട്ടതോടെ അടവ് മുടങ്ങി. തുടര്‍ന്ന് ബാങ്ക്, പൊലീസ് കേസ് ഫയല്‍ ചെയ്തു. എന്നാല്‍ പിന്നീട് മുഴുവന്‍ തുകയും അടച്ചുതീര്‍ക്കുകയും ഇക്കാര്യം തെളിയിക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ നിന്ന് ലഭിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് രേഖകളില്‍ നിന്ന് കേസ് വിവരങ്ങള്‍ നീക്കം ചെയ്യപ്പെട്ടില്ല.

2016ല്‍ ദുബായിലെത്തിയ വിനോദിനെ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാണ് മോചിതനായത്. എന്നാല്‍ നഷ്ടപരിഹാരം തേടി അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നത്.