ദുബൈ: യുഎഇയില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം വിജയികരമായി പുരോഗമിക്കവെ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വാക്സിന്‍ സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ശൈഖ് മുഹമ്മദിന് വാക്സിന്‍ നല്‍കിയതാവട്ടെ കോട്ടയം സ്വദേശിയായ ശോശാമ്മ മാത്യുവും. ശൈഖ് മുഹമ്മദ് തന്നെ വാക്സിനെടുക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ശൈഖ് മുഹമ്മദിനെ കണ്ടുമുട്ടാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. ദൈവം ആ ആഗ്രഹം സാധിപ്പിച്ചുതന്നു. അനുഗ്രഹീതമായൊരു നിമിഷമായിരുന്നു അതെന്ന് ശോശാമ്മ പറയുന്നു. വാക്സിന്‍ നല്‍കാനായി ശൈഖ് മുഹമ്മദിന്റെ മജ്‍ലിസിലേക്ക് പോയ നാലംഗ സംഘത്തിലൊരാളായിരുന്നു ശോശാമ്മയും. വാക്സിനെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഞങ്ങളുടെ സുഖവിവരങ്ങള്‍ തിരക്കി. കൊവിഡ് പ്രതിരോധത്തില്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുവെന്നും ശോശാമ്മ പറഞ്ഞു.

യുഎഇയിലെ നിരവധി പ്രമുഖര്‍ക്ക് ഇതിനുമുമ്പും കുത്തിവെയ്പ്പുകളെടുത്തിട്ടുള്ളയാളാണ് ശോശാമ്മ. രാജ്യത്ത് ആദ്യമായി കൊവിഡ് വാക്സിന്‍ സ്വീകരിച്ച ആരോഗ്യ-പ്രതിരോധ മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിനും വാക്സിനെടുത്തത് ഈ കോട്ടയംകാരി തന്നെ. മന്ത്രിമാരും ഫെഡറല്‍ വകുപ്പ് തലവന്മാരും അണ്ടര്‍സെക്രട്ടറിമാരുമൊക്കെ ഉള്‍പ്പെടുന്ന നിരവധി വി.ഐ.പികള്‍ക്ക് വാക്സിനുകളെടുക്കാന്‍ ഇതിനുമുമ്പും ശോശാമ്മ നിയോഗിക്കപ്പെട്ടിട്ടുണ്ട്.

1992 മുതല്‍ ദുബൈയില്‍ ജോലി ചെയ്യുന്ന ശോശാമ്മ ഇപ്പോള്‍ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രിവന്റീവ് മെഡിസിന്‍ വിഭാഗത്തില്‍ സ്റ്റാഫ് നഴ്‍സാണ്. വാക്സിനെടുക്കുന്ന ചിത്രം ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തതിന് ശേഷം മാസ്കിനുള്ളിലെ മുഖം തന്റേതാണെന്ന് മനസിലാക്കിയതോടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ ഇപ്പോള്‍ താരമാണ് ശോശാമ്മ. ഒരു ഇന്ത്യക്കാരിക്കും മലയാളിക്കും കിട്ടുന്ന അപൂര്‍വ ബഹുമതിയായി ഈ അവസരത്തെ കാണുന്നുവെന്നാണ് ശോശാമ്മ പറയുന്നത്. ശൈഖ് മുഹമ്മദിന് ഇനി വാക്സിന്റെ രണ്ടാം ഡോസ് നല്‍കാന്‍ കാത്തിരിക്കുകയാണ് ശോശാമ്മയിപ്പോള്‍.