സംസാര ശേഷി നഷ്ടപ്പെട്ട ഇദ്ദേഹത്തെ കുറിച്ച് ആശുപത്രിയിലെ മലയാളി ജീവനക്കാര്‍  നല്‍കിയ വിവരങ്ങള്‍ വെച്ച് സ്‌പോണ്‍സറെ കണ്ടെത്തുകയും വിസ എക്‌സിറ്റ് അടിച്ചു വാങ്ങുകയുമായിരുന്നു.

റിയാദ്: റിയാദില്‍ നിന്നും 180 കിലോമീറ്റര്‍ അകലെ മറാത്ത് എന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന തിരുവനന്തപുരം ചടയമംഗലം സ്വദേശിയായ കാദര്‍ കുട്ടി ഹംസയ്ക്ക് തുണയായി പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍. ഇവരുടെ ശ്രമഫലമായി ഹംസയെ നാട്ടിലെത്തിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സ്‌ട്രോക്ക് വന്ന് റിയാദ് ശുമൈസി ആശുപത്രിയില്‍ രണ്ടു മാസമായി ചികിത്സയിലായിരുന്നു.

തിരുവനന്തപുരം ചിറയിന്‍ കീഴ് ഷമീന മന്‍സില്‍ ഖാദര്‍ കുട്ടി അമീര്‍ ഹംസ (62) 16 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ശരീരം പൂര്‍ണമായി തളര്‍ന്ന് വളരെ ഗുരുതര നിലയില്‍ ട്യൂബിലൂടെ ഭക്ഷണം കൊടുക്കുന്ന അവസ്ഥയിലായിരുന്നു. സംസാര ശേഷി നഷ്ടപ്പെട്ട ഇദ്ദേഹത്തെ കുറിച്ച് ആശുപത്രിയിലെ മലയാളി ജീവനക്കാര്‍ നല്‍കിയ വിവരങ്ങള്‍ വെച്ച് സ്‌പോണ്‍സറെ കണ്ടെത്തുകയും വിസ എക്‌സിറ്റ് അടിച്ചു വാങ്ങുകയുമായിരുന്നു. ആഴ്ചകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ എയര്‍ ഇന്ത്യയുടെ വന്ദേ ഭാരത് വിമാനത്തില്‍ ഹംസ ഇന്നലെ തിരുവനന്തപുരത്തേക്ക് യാത്രയായി. അമീര്‍ ഹംസയുടെ വിഷയം പ്ലീസ് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തിയ സാമൂഹിക പ്രവര്‍ത്തകനായ പുളിമൂട്ടില്‍ ഉണ്ണി, കൂടെ പോകാന്‍ ദമാമില്‍ നിന്നും തിരുവനന്തപുരം സ്വദേശി സജാദിനെ കണ്ടെത്തുകയായിരുന്നു. 

ഇദ്ദേഹത്തിനായി 10 സീറ്റുകള്‍ മാറ്റി സ്‌ട്രെച്ചര്‍ സഹായത്തോടെ വിമാന യാത്രാ സൗകര്യം ഒരുക്കിയ എയര്‍ ഇന്ത്യ അധികൃതരോട് പ്‌ളീസ് ഇന്ത്യ പ്രവര്‍ത്തകര്‍ നന്ദി അറിയിച്ചു. പ്ലീസ് ഇന്ത്യ സ്ഥാപകന്‍ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ പ്ലീസ് ഇന്ത്യ - വെല്‍ഫെയര്‍ വിങ്ങ് ഡിപ്ലോമാറ്റിക്ക് ജനറല്‍ സെക്രട്ടറി അന്‍ഷാദ് കരുനാഗപള്ളി, സൗദി നാഷണല്‍ കമ്മിറ്റി അംഗം സഫീര്‍ ത്വാഹ ആലപ്പുഴ എന്നിവരുടെ പരിശ്രമങ്ങളും ഇടപെടലുകളുമാണ് ഇദ്ദേഹത്തിന്റെ യാത്ര സാധ്യമാക്കിയത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഇദ്ദേഹത്തെ തുടര്‍ചികിത്സക്കായി അനന്തപുരി ഹോസ്പിറ്റലിലേക്ക് മാറ്റി.