റിയാദ്: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി ദമ്മാമിൽ നിര്യാതനായി. കൊച്ചി കാക്കനാട് സ്വദേശി തെനിലാത്ത് വീട്ടിൽ അഷ്റഫ് ഇബ്രാഹിം (55) ആണ് മരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ദമ്മാമിൽ ഒരു കാർഗോ കമ്പനിയിൽ ഏരിയ മാനേജരായി സേവനം അനുഷ്‍ഠിക്കുകയായിരുന്നു. 

കടുത്ത പനിയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രോഗം മാറുകയും പരിശോധനാഫലം നെഗറ്റീവാകുകയും ചെയ്തെങ്കിലും ഇരു വൃക്കകളുടേയും പ്രവർത്തനം തകരാറിലായി. ശനിയാഴ്ച രോഗം കലശലാവുകയും ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണമാവുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ: സാജിത. മക്കൾ: ഫസ്ന, ഫൈഹ. മരുമകൻ: ദിൽഷാം.