ദുബായ്: മൂന്ന് മാസം മുമ്പ് കാണാതായ ശേഷം വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കും. ദുബായില്‍ കാണാതായ തിരുവനന്തപുരം ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശി ദേവകുമാര്‍ ശ്രീധരനെ(54) കഴിഞ്ഞ മാസം 10ന് ദുബായ് റാഷിദ് തുറമുഖത്ത് വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഏപ്രില്‍ 28നാണ് താമസിച്ചിരുന്ന ദെയ്‌റ നായിഫ് മുതീനയിലെ ഫ്ലാറ്റില്‍ നിന്ന് ദേവകുമാറിനെ കാണാതാകുന്നത്. ദുബായിലെ റെന്‍റ് എ കാര്‍ സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ദേവകുമാറിനെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ദേവകുമാറിന്റെ മൃതദേഹം ദുബായില്‍ തന്നെ സംസ്കരിക്കാന്‍ ബന്ധുക്കള്‍ അനുവാദം നല്‍കിയതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ജബല്‍ അലി ശ്മശാനത്തില്‍ സംസ്കാരം നടക്കും.