കെഎംസിസി ആസ്ഥാനത്ത് 150 പേരാണ് ഇതുവരെ പേര് രജിസ്റ്റർ ചെയ്ത് പൊതുമാപ്പ് ആനുകൂല്യത്തിനായി കാത്തുനിൽക്കുന്നത്. പ്രയാസമനുഭവിക്കുന്ന അർഹരായവർക്ക് നിയമസഹായവും മറ്റു വിധത്തിലുള്ള സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

യുഎഇ: യുഎഇ ഭരണകൂടം അടുത്തമാസം ഒന്ന് മുതൽ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ദുബായ് കെഎംസിസി രംഗത്ത്. നൂറിലധികംപേരെ നാട്ടിലേക്ക് അയക്കാൻ ഇതിനകം നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. അൽ ബറാഹയിലെ കെഎംസിസി ആസ്ഥാനത്ത് 150 പേരാണ് ഇതുവരെ പേര് രജിസ്റ്റർ ചെയ്ത് പൊതുമാപ്പ് ആനുകൂല്യത്തിനായി കാത്തുനിൽക്കുന്നത്. പ്രയാസമനുഭവിക്കുന്ന അർഹരായവർക്ക് നിയമസഹായവും മറ്റു വിധത്തിലുള്ള സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് കോൺസുലേറ്റുമായി ബന്ധപ്പെട്ട് എമർജൻസി സർട്ടിഫിക്കറ്റും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് വിമാന ടിക്കറ്റ് അടക്കമുള്ള മറ്റു സഹായങ്ങളും ലഭ്യമാക്കും. പൊതുമാപ്പ് കാലത്ത് നിയമസഹായം ലഭ്യമാക്കുന്നതിന് പ്രഗത്ഭരായ അഭിഭാഷകരുടെ ഒരു പാനൽ കെഎംസിസിയിൽ പ്രവർത്തിക്കും. ഹെൽപ്പ് ഡെസ്‌കിൽ രജിസ്റ്റർചെയ്ത 150 പേർ പങ്കെടുത്ത ലീഗൽ അദാലത്തിൽ ആവശ്യമായ നിയമ ഉപദേശങ്ങളും സഹായങ്ങളും നൽകി. ആദ്യ ഘട്ടത്തിൽത്തന്നെ പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ദുബായ് കെഎംസിസി നടത്തുന്നത്.

താമസ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്കായി യുഎഇ പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് ബുധനാഴ്ച ആരംഭിക്കും. ആറു വർഷങ്ങൾക്കുശേഷമാണ് യുഎഇ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, യുഎഇയിൽ നിന്ന് പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നോർക്ക റൂട്സ് ഇതിനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായങ്ങൾ ചെയ്യാനും യുഎഇ യിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.