കുവൈത്തിൽ താമസ-തൊഴിൽ നിയമലംഘനങ്ങൾക്ക് 48 പ്രവാസികൾ അറസ്റ്റിൽ. ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിലാണ് 48 പ്രവാസികളെ അറസ്റ്റ് ചെയ്തത്. രാജ്യത്തുടനീളം ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ വ്യാപക പരിശോധനയിൽ 48 പ്രവാസികളെ താമസ-തൊഴിൽ നിയമലംഘനങ്ങൾക്കായി അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.

നിയമവിരുദ്ധ തൊഴിലും റെസിഡൻസി നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി 120 വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധനയും രേഖകളുടെ ഓഡിറ്റും നടത്തി. ഗാർഹിക തൊഴിലാളി വിസ ലംഘിച്ച 9 പേർ, ഒളിവിലായ കേസ്, സ്വകാര്യ മേഖല റെസിഡൻസി ലംഘിച്ച 36 പേർ, നിലവിലില്ലാത്ത കമ്പനിയുടെ പേരിൽ വിസ നേടിയ ആർട്ടിക്കിൾ 18 ലംഘനവുമായി ബന്ധപ്പെട്ട് ഒരാൾ, ഡിപ്പെൻഡന്റ് അല്ലെങ്കിൽ കുടുംബ വിസ ലംഘിച്ച ഒരാൾ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ എല്ലാവർക്കുമെതിരെ ആവശ്യമായ നിയമ-ഭരണ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം താമസ-തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി ഇത്തരം സംയുക്ത പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.