Asianet News MalayalamAsianet News Malayalam

സന്ദര്‍ശക വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഭാര്യയെയോ ഭര്‍ത്താവിനെയോ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ ശമ്പള പരിധി 300 ദിനാറായും മാതാപിതാക്കളെ കൊണ്ടുവരാന്‍ കുറഞ്ഞ ശമ്പള പരിധി 600 ദിനാറായും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. 

Kuwait authorities may hike the minimum salary requirement for applying family visit visas
Author
Kuwait City, First Published Jun 28, 2022, 11:27 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനയായ ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അല്‍ ഖബസ് ദിനപ്പത്രമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം കുവൈത്തില്‍ കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കുകയും ചെയ്‍തിട്ടുണ്ട്.

ഭാര്യയെയോ ഭര്‍ത്താവിനെയോ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ ശമ്പള പരിധി 300 ദിനാറായും മാതാപിതാക്കളെ കൊണ്ടുവരാന്‍ കുറഞ്ഞ ശമ്പള പരിധി 600 ദിനാറായും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ 250 ദിനാറും മാതാപിതാക്കളെ കൊണ്ടുവരാന്‍ 500 ദിനാറുമാണ് കുറഞ്ഞ ശമ്പള പരിധി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ മാത്രമാണ് ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാനുള്ള വിസകള്‍ അനുവദിച്ചിരുന്നത്. ഇതും 500 ദിനാറിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇതും നിര്‍ത്തിവെച്ചിരിക്കുകയാണ്.

സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ് ഇപ്പോഴത്തെ നിയന്ത്രണമെന്ന് അറിയിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കുടുംബ, സന്ദര്‍ശക വിസിറ്റ് വിസകള്‍ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അടുത്തയാഴ്ചയോടെ ഇതിനുള്ള പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിയന്ത്രണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞുവെന്നാണ്  അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Read also: കുവൈത്തില്‍ സന്ദര്‍ശക വിസകള്‍ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു

Follow Us:
Download App:
  • android
  • ios