കുവൈത്തിൽ സന്ദര്‍ശക വിസയിലെത്തുന്ന പ്രവാസികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദര്‍ശക വിസയിലെത്തുന്ന പ്രവാസികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കി. ബിൽ നടപ്പിലാക്കിയാല്‍ ആരോഗ്യമേഖലയിലെ വികസനം പൂർണ രീതിയിൽ സാധ്യമാകുമെന്നാണ് വിലയിരുത്തൽ.

2018ല്‍ മാത്രം കുവൈത്തില്‍ ആറ് ലക്ഷത്തിലധികം പ്രവാസികള്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന്‍റെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ താല്‍ക്കാലികമായി സന്ദര്‍ശക വിസയിലെത്തുന്നവരും ഇന്‍ഷൂറന്‍സ് പ്രീമിയം തുക അടയ്ക്കണമെന്നാണ് നിര്‍ദേശം. 

സന്ദര്‍ശക വിസയും താല്‍ക്കാലിക റസിഡന്‍റ്സും ഇന്‍ഷൂറന്‍സ് തുക അടച്ചിരിക്കണം. ഇവ രണ്ടിനുമായി അപേക്ഷിക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് അടച്ചതിന്‍റെ രേഖ ഹാജരാക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കുവൈത്തില്‍ നിന്ന് അവരവരുടെ രാജ്യത്തേക്ക് മരുന്ന് കൊണ്ടുപോയി വില്‍പ്പന നടത്തുന്നത് തടയാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 47 എംപിമാരാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്.