കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതി സുപ്രധാനമായ പല കേസുകളിലും വിധി പ്രസ്താവിച്ചു. ഹിസ്ബുള്ളയിൽ ചേർന്ന കുവൈത്ത് പൗരന് പത്ത് വർഷം തടവ് വിധിച്ചപ്പോൾ, അമീറിനെ അധിക്ഷേപിച്ചയാളുടെ അഞ്ച് വർഷത്തെ തടവ് കോടതി ശരിവെച്ചു. മറ്റ് ചില സോഷ്യൽ മീഡിയ കേസുകളിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധി അപ്പീൽ കോടതി അംഗീകരിക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന അതീവ ഗൗരവമുള്ള വിവിധ കേസുകളിൽ സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതി ഇന്ന് നിർണായക വിധികൾ പുറപ്പെടുവിച്ചു. നിരോധിത സായുധ സംഘടനയായ ഹിസ്ബുള്ളയിൽ ചേരുകയും ഇറാനിയൻ റെവല്യൂഷണറി ഗാർഡ് അംഗങ്ങളുമായി രഹസ്യ കൂടിക്കാഴ്ച നടത്തുകയും ചെയ്ത കുറ്റത്തിന് ഒരു കുവൈത്ത് പൗരന് കോടതി പത്ത് വർഷം തടവ് വിധിച്ചു. കുപ്രസിദ്ധമായ 'അബ്ദാലി സെൽ' കേസിൽ നേരത്തെ ലഭിച്ച പത്ത് വർഷത്തെ തടവുശിക്ഷയിൽ നിന്ന് പൊതുമാപ്പ് വഴി മോചിതനായ വ്യക്തിയാണ് വീണ്ടും രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പിടിയിലായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതോടൊപ്പം സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട മറ്റ് ചില കേസുകളിലും അപ്പീൽ കോടതി അന്തിമ തീർപ്പ് കൽപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ ഹിസ്ബുള്ള, ഹൂതി സംഘടനകളെ പിന്തുണച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരു കുവൈത്ത് സ്വദേശിയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. എന്നാൽ, പ്രമുഖ സാമൂഹികമാധ്യമമായ 'എക്സ്' വഴി കുവൈത്ത് അമീറിന്‍റെ അവകാശങ്ങളെയും അധികാരങ്ങളെയും ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിൽ പൗരത്വമില്ലാത്ത ബെദൂയിൻ സ്വദേശിക്ക് ലഭിച്ച അഞ്ച് വർഷത്തെ തടവുശിക്ഷ കോടതി കർശനമായി നിലനിർത്തി. ശിക്ഷയ്ക്ക് പുറമെ ഇയാളുടെ എക്സ് അക്കൗണ്ട് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മറ്റൊരു കേസിൽ, ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി ആഭ്യന്തര കലഹങ്ങൾക്ക് പ്രേരിപ്പിക്കുകയും അക്രമങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്ത കുറ്റത്തിന് വിചാരണ നേരിട്ട മറ്റ് ചില സ്വദേശി പൗരന്മാർക്ക് ശിക്ഷ നൽകേണ്ടതില്ലെന്ന കീഴ്ക്കോടതിയുടെ തീരുമാനവും അപ്പീൽ കോടതി അംഗീകരിച്ചു.