കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളെ കുറച്ച് കൊണ്ടുവരുന്നതിന് ഓരോ രാജ്യങ്ങൾക്കും ക്വാട്ട നിശ്ചയിക്കുന്നത് നല്ലതല്ലെന്ന് കുവൈത്ത് സ്പീക്കർ മർസൂഖ് അൽ ഗാനിം. കരട് പ്രവാസി ക്വാട്ട നിയമത്തിന് പാർലമെൻറ് സമിതി അംഗീകാരം നൽകിയ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പ്രസ്താവന. 

കുവൈത്തിൽ ജനസംഖ്യാ അസുന്തലിതാവസ്ഥ പരിഹരിക്കപ്പെടേണ്ടതാണെങ്കിലും രാജ്യങ്ങൾക്ക് ക്വാട്ട നിശ്ചയിക്കുന്നത് അനുയോജ്യമല്ലെന്നാണ് കുവൈത്ത് സ്പീക്കർ മർസൂഖ് അൽ ഗാനിമിൻറെ നിലപാട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 70% വിദേശികളാവുന്നത് അംഗീകരിക്കാനാവില്ലന്നും, വിസ കച്ചവടക്കാരെയാണ് നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിസ കച്ചവടക്കാർ ഡോക്ടർമാർ, എഞ്ചിനീയർമാർ, മറ്റ് വിദഗ്ദ്ധ തൊഴിലാളികൾ തുടങ്ങിയവരെ കൊണ്ടുവരാതെ പണം വാങ്ങി അവിദഗ്ധ തൊഴിലാളികളെയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. 

43 ലക്ഷം കുവൈത്ത് നിവാസികളിൽ 13 ലക്ഷം പേർ നിരക്ഷരരാണന്നും സ്പീക്കർ വ്യക്തമാക്കി. അതേ സമയം മൂന്ന് മാസത്തിലേറെ നീണ്ട ലോക് ഡൗണിന് ശേഷം ജലീബും, മഹബൂലയും വ്യാഴാഴ്ച തുറക്കും. പ്ര​ദേ​ശം വി​ട്ട്​ പു​റ​ത്തു​പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നി​ര​വ​ധി പേ​രാ​ണ്​ ജോ​ലി​യി​ല്ലാ​തെ ദു​രിതത്തിലായത്. ജോലിക്ക് പോകാൻ പറ്റും എന്നതിനാൽ പ്രവാസികൾ ഏറെ സന്തോഷത്തിലാണ്. ​മല​യാ​ളി​ക​ൾ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന ര​ണ്ട്​ പ്ര​ദേ​ശ​ങ്ങ​ളാ​ണ്​ ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖും മ​ഹ​ബൂ​ല​യും.