കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകളനുവദിച്ച് കുവൈത്ത്. മലയാളികൾ ഏറ്റവുമധികം തിങ്ങിപ്പാർക്കുന്ന അബ്ബാസിയ ഉൾപ്പെടുന്ന ജിലീബ്‌ അൽ ശുയൂഖ്‌, മഹബൂല എന്നീ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക്‌ ഡൗൺ പിൻ വലിക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനിച്ചു.  

കൊവിഡ് ഭീതിയിൽ കുവൈത്തിൽ ആദ്യം ലോക് ഡൗൺ ചെയ്ത പ്രദേശമാണ് മലയാളികൾ ഏറ്റവും അധികം തിങ്ങി പാർക്കുന്ന അബ്ബാസിയ ഉൾപ്പെടുന്ന ജിലീബ്‌ അൽ ശുയൂഖ്‌. ഘട്ടം ഘട്ടമായി മറ്റ് സ്ഥലങ്ങൾ തുറന്ന് കൊടുത്തപ്പോഴും ജലീബ് തുറക്കാൻ സർക്കാർ തയ്യാറാകാതിരുന്നത് നിരവധി പേരുടെ ജോലിയെ ബാധിച്ചിരുന്നു. അതിനിടെയാണ് ഈ മാസം 9 മുതൽ ജലീബ് അൽ ശുയൂഖിലെയും, മഹബൂലയിലെയും ലോക് ഡൗൺ മാറ്റാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതോടെ മറ്റ് സ്ഥലങ്ങളിൽ ജോലി ഉള്ളവർക്ക് പ്രത്യേക പാസില്ലാതെ ജോലിക്ക് പോകാം.

അതേസമയം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി കുവൈത്തിൽ മരണമടഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 359 ആയി. പുതിയതായി 919 കൊവിഡ് കേസുകള്‍ ആണ് കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ കുവൈത്ത് സ്വദേശികൾ 549 പേരും 370 പേര്‍ വിദേശികളും ഉള്‍പ്പെടുന്നു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 47,859 ആയി. ഇതില്‍ 38,390 പേര്‍ രോഗമുക്തി നേടിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 675 പേർ കൂടി രോഗമുക്തി നേടി.

 

കൊവിഡ്: സൗദിയില്‍ മരണസംഖ്യ ഉയരുന്നു, 3000ത്തിലധികം പേര്‍ക്ക് കൂടി രോഗം