കുവൈത്തിൽ സന്ദർശക വിസ, റസിഡൻസി പെർമിറ്റാക്കി മാറ്റുന്നതിന് 150 ദിനാർ ഫീസ് ഏർപ്പെടുത്തി. വിദേശികളുടെ താമസനിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഈ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഗാർഹിക തൊഴിലാളികൾക്ക് ഈ ഫീസിൽ ഇളവ് നൽകിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: സന്ദർശക വിസ റസിഡൻസി പെർമിറ്റായി അല്ലെങ്കിൽ തൊഴിൽ വിസയായി മാറ്റുന്നതിനായി ഇനി 150 കുവൈത്തി ദിനാർ ഫീസ് ഈടാക്കും. വിദേശികളുടെ താമസനിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് കുവൈത്ത് സർക്കാർ പുതിയ തീരുമാനം നടപ്പിലാക്കിയത്. ഞായറാഴ്ച പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗം’ലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ 2026-ലെ 1091-ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രസിദ്ധീകരിച്ചത്. ഇത് 2025-ലെ 2249-ാം നമ്പർ മന്ത്രിതല ഉത്തരവിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തുന്നതാണ്.

പുതിയ ഭേദഗതി പ്രകാരം എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 39-ലെ ഒമ്പതാം ഖണ്ഡികയിൽ പുതിയ നാലാം ഉപവകുപ്പ് ചേർത്തിട്ടുണ്ട്. ഇതനുസരിച്ച് ആർട്ടിക്കിൾ 16 പ്രകാരം സന്ദർശക വിസ സാധാരണ റസിഡൻസി പെർമിറ്റാക്കി മാറ്റുന്ന സേവനത്തിന് 150 ദിനാർ ഫീസ് നൽകണം. അതേസമയം, ഗാർഹിക തൊഴിലാളികൾക്കും സമാന വിഭാഗങ്ങൾക്കും ഈ ഫീസിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത് ആർട്ടിക്കിൾ 20-ലെ വ്യവസ്ഥകൾ പ്രകാരമാണ്. പുതിയ തീരുമാനം ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഉടൻ നടപ്പിലാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ തന്നെ നിയമഭേദഗതി പ്രാബല്യത്തിൽ വന്നിട്ടുണ്ട്.