Asianet News MalayalamAsianet News Malayalam

യുഎഇ സിഎസ്‌ഐ ദേവാലയത്തിന് ഒരു കോടി രൂപ സഹായം നല്‍കി എം എ യൂസഫലി

എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുള്ള യുഎഇയില്‍ വ്യത്യസ്ത മതക്കാര്‍ക്ക് സഹകരണത്തോടെ കഴിയാനുള്ള സാഹചര്യമാണ് ഭരണാധികാരികള്‍ ഉറപ്പ് നല്‍കുന്നതെന്ന് എംഎ യൂസഫലി പറഞ്ഞു.    

M A Yusuff Ali donates one crore rupees to CSI church in UAE
Author
Abu Dhabi - United Arab Emirates, First Published Jul 22, 2021, 4:23 PM IST

അബുദാബി: ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സി.എസ്.ഐ) അബുദാബിയില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ സഹായ ഹസ്തം. ദേവാലയത്തിന്റെ നിര്‍മ്മാണത്തിലേക്കായി അഞ്ച് ലക്ഷം ദിര്‍ഹമാണ് (1 കോടി രൂപ) യൂസഫലി നല്‍കിയത്. അബുദാബി സിഎസ്ഐ പാരിഷ് വികാരി റവ: ലാല്‍ജി എം. ഫിലിപ്പ് യൂസഫലിയില്‍ നിന്ന് തുക ഏറ്റുവാങ്ങി. സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ: ഡോ: മലയില്‍ സാബു കോശി ചെറിയാന്‍  നാട്ടില്‍ നിന്നും ഓണ്‍ ലൈനായി ചടങ്ങില്‍ പങ്കെടുത്തു. 

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍   അബുദാബി അബു മുറൈഖയില്‍ അനുവദിച്ച 4.37 ഏക്കര്‍ ഭൂമിയിലാണ് സിഎസ്ഐ ദേവാലയം ഉയരുന്നത്. ഇതിനു സമീപമായാണ് കിരീടാവകാശി അനുവദിച്ച സ്ഥലത്ത്  നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ബാപ്‌സ് ഹിന്ദു ക്ഷേത്രം. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുള്ള യുഎഇയില്‍ വ്യത്യസ്ത മതക്കാര്‍ക്ക് സഹകരണത്തോടെ കഴിയാനുള്ള സാഹചര്യമാണ് ഭരണാധികാരികള്‍ ഉറപ്പ് നല്‍കുന്നതെന്ന് എംഎ യൂസഫലി പറഞ്ഞു.    

രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍  ആവിഷ്‌കരിച്ച സഹിഷ്ണുതാ ആശയങ്ങളാണ് യുഎഇ ഭരണകുടം പിന്തുടരുന്നത്. അബുദാബിയിലെ നഗരഹൃദയത്തിലുള്ള പള്ളിക്ക്  യേശു ക്രിസ്തുവിന്റെ  മാതാവിന്റെ പേരിട്ടത് (മറിയം ഉമ്മുല്‍ ഈസാ അഥവാ യേശുവിന്റെ മാതാവ് മറിയം മസ്ജിദ്) ഇതിന്റെ ഉത്തമോദാഹരണമാണെന്നും യൂസഫലി പറഞ്ഞു.   സാഹോദര്യത്തിന്റെയും  മാനവികതയുടെയും  സമാധാനത്തിന്റെയും പുതിയ മാതൃകയാണ് ഇതിലൂടെ ലോകത്തിനു മുന്നില്‍ യുഎഇ കാണിച്ചു കൊടുക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

"

15,000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്നതും എഴുന്നൂറ്റിഅന്‍പതുപേര്‍ക്കു പ്രാര്‍ഥനാ സൗകര്യമുള്ള ദേവാലയത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും. യുഎഇ കാബിനറ്റ് അംഗവും സഹിഷ്ണതാ വകുപ്പ് മന്ത്രിയുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ്  ദേവാലയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നടത്തിയത്. 

 

Follow Us:
Download App:
  • android
  • ios