കുവൈത്തിൽ വൻ മദ്യവേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ച 1,560 കുപ്പി വിദേശമദ്യവുമായി മൂന്ന് പേർ പിടിയിൽ. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവർ പിടിയിലായത്. ആദ്യ കേസിൽ ഹവല്ലിയിൽ നിന്ന് രണ്ട് പ്രതികളെ ലഹരിവിരുദ്ധ സംഘം പിടികൂടി.

കുവൈത്ത് സിറ്റി: അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച 1,560 കുപ്പി വിദേശമദ്യവുമായി മൂന്ന് പ്രതികളെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവർ പിടിയിലായത്. ആദ്യ കേസിൽ ഹവല്ലിയിൽ നിന്ന് രണ്ട് പ്രതികളെ ലഹരിവിരുദ്ധ സംഘം പിടികൂടി.

ഇവരിൽ നിന്ന് 12 കുപ്പി വിദേശമദ്യവും വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 320 കുവൈത്തി ദിനാറും പിടിച്ചെടുത്തു. സാൽമിയയിൽ നടന്ന രണ്ടാമത്തെ പരിശോധനയിലാണ് കച്ചവട ആവശ്യത്തിനായി സൂക്ഷിച്ച 1,548 കുപ്പി വിദേശമദ്യവുമായി മറ്റൊരു പ്രതി പിടിയിലായത്. പിടിയിലായ പ്രതികളെയും മദ്യശേഖരവും തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

കുവൈത്ത് വിമാനത്താവളത്തിൽ പിടികൂടിയത് 1,603 ലഹരിമരുന്ന് പുരട്ടിയ പേപ്പർ ഷീറ്റുകൾ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ലണ്ടനിൽ നിന്ന് വിസിറ്റ് വിസയിൽ എത്തിയ ഫ്രഞ്ച് പൗരനെയാണ് ടെർമിനൽ 4-ൽ പിടികൂടിയത്. സംശയത്തെ തുടർന്ന് യാത്രക്കാരന്റെ ലഗേജ് വിശദമായി പരിശോധിച്ചപ്പോൾ ലഹരിവസ്തു പുരട്ടിയ 1,603 എ4 വലുപ്പത്തിലുള്ള പേപ്പർ ഷീറ്റുകൾ കണ്ടെത്തുകയായിരുന്നു. ഇവയിൽ നിന്ന് ആകെ 13.154 കിലോഗ്രാം ‘കെമിക്കൽ’ എന്നറിയപ്പെടുന്ന ലഹരിവസ്തു പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. പേപ്പർ ഷീറ്റുകളിൽ ലഹരിവസ്തു പുരട്ടി രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയത്.