ഓരോ തവണയും ഓരോരുത്തരുടെ പേരിലാണ് ടിക്കറ്റ് വാങ്ങിയിരുന്നത്. ഇത്തവണ പ്രസാദിന്‍റെ പേരില്‍ വാങ്ങിയ ടിക്കറ്റാണ് വമ്പൻ ഭാഗ്യം കൊണ്ടുവന്നത്. 

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി മലയാളിയും സഹപ്രവര്‍ത്തകരും. ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്സ് എയില്‍ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയർ നറുക്കെടുപ്പിലാണ് ഇവര്‍ കോടികളുടെ സമ്മാനം സ്വന്തമാക്കിയത്.

ദുബൈയില്‍ താമസിക്കുന്ന പ്രസാദ് ശിവദാസനെന്ന 45കാരനാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനയര്‍ സീരീസ് 492ല്‍ വിജയിയായത്. ഫെബ്രുവരി 19ന് ഇദ്ദേഹം ഓൺലൈനായി വാങ്ങിയ 3793 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 20 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം ഒമ്പത് സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. എട്ട് വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുത്ത് വരികയാണ്. ഓരോ തവണയും ഓരോരുത്തരുടെ പേരില്‍ ടിക്കറ്റ് വാങ്ങും. ഇത്തവണ പ്രസാദിനാണ് ഭാഗ്യമെത്തിയത്. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദിയുണ്ടെന്ന് വളരെയധികം സന്തോഷം നല്‍കുന്ന വാര്‍ത്തയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also -  കാർഡ് ബ്ലോക്ക് ചെയ്തു, വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ഫോൺ കോൾ; ഒറ്റ ഇടപാടിൽ യുവതിയുടെ അക്കൗണ്ട് കാലിയായി

ബര്‍ ദുബൈയില്‍ സെവന്‍ സീസ് ടെക്നോളജീസില്‍ സിസ്റ്റം എഞ്ചിനീയറായി ജോലി ചെയ്യുകയാണ് പ്രസാദ്. രണ്ട് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനയര്‍ പ്രമൊഷന്‍ 1999ല്‍ ആരംഭിച്ച ശേഷം വിജയിയാകുന്ന 246-ാമത് ഇന്ത്യക്കാരനാണ് പ്രസാദ്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോയില്‍ അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ ഷാഹുല്‍ ഹമീദ് ബിഎംഡബ്ല്യൂ എം850ഐ ഗ്രാന്‍ഡ് കൂപ്പെ കാര്‍ സ്വന്തമാക്കി. ഇറാന്‍ സ്വദേശിയായ ആദെല്‍ രാന്‍ച്ബാര്‍ ബിഎംഡബ്ല്യൂ 740 ഐ എം സ്പോര്‍ട്ട് കാര്‍ സ്വന്തമാക്കി.