Asianet News MalayalamAsianet News Malayalam

മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് ദുബൈയില്‍ എത്തിച്ചവര്‍ക്ക് നരകയാതന; കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യം

ആര്‍ഗിലെന്ന കമ്പനിയിലേക്ക് ടെലി കോളര്‍ തസ്തികയില്‍ മെച്ചപ്പെട്ട ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി നാട്ടില്‍ നിന്നും സന്ദര്‍ശക വിസയില്‍ ഇവരെ ദുബായില്‍ എത്തിച്ച ശേഷം കൈയൊഴിയുകയായിരുന്നു. 

Malayali job seekers who arrived UAE with lucrative salary offers now in distress afe
Author
First Published Oct 26, 2023, 5:52 PM IST

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ തട്ടിപ്പിന് ഇരയായി യുഎഇയില്‍ മലയാളികള്‍ കുടുങ്ങിയ സംഭവത്തില്‍ കെ.സി വേണുഗോപാല്‍ എം.പി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്തയച്ചു.   കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സഹായഹസ്തവുമായി കെസി വേണുഗോപാല്‍ എംപി. തൊഴില്‍ തട്ടിപ്പിനിരയായി യുഎഇയില്‍ ദുരിതം അനുഭവിക്കുന്നവരെ സുരക്ഷിതരായി നാട്ടില്‍ എത്തിക്കാനും വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിക്കെതിരെ അന്വേഷണം നടത്താനും ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തൊഴില്‍ വിസയും നിയമാനുസൃതമായ ജോലിയും വാഗ്ദാനം ചെയ്താണ് കമ്പനി തട്ടിപ്പ് നടത്തിയത്. ആര്‍ഗിലെന്ന കമ്പനിയിലേക്ക് ടെലി കോളര്‍ തസ്തികയില്‍ മെച്ചപ്പെട്ട ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി നാട്ടില്‍ നിന്നും സന്ദര്‍ശക വിസയില്‍ ഇവരെ ദുബായില്‍ എത്തിച്ച ശേഷം കൈയൊഴിയുകയായിരുന്നു. തങ്ങള്‍ കബളിപ്പിക്കപ്പെട്ടന്നത് തിരിച്ചറിഞ്ഞ ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ആ പേരില്‍ ഒരു കമ്പനി യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അറിഞ്ഞത്. 

Read also: പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ 108 ആംബുലൻസ് എത്തിയില്ലെന്ന് ആരോപണം; വിശദീകരണവുമായി അധികൃതർ

ഭക്ഷണവും താമസ സൗകര്യവും വരുമാനവും ഇല്ലാതെ തട്ടിപ്പിനിരയായവര്‍ ദുബായിലെ ഹോര്‍ലാന്‍സ് പ്രദേശത്ത് നരകയാതന അനുഭവിച്ച് കഴിയുകയാണ്. റിക്രൂട്ട്മെന്റ് ഏജന്‍സി ജോലി വാഗ്ദാനം നല്‍കി ഇവരില്‍ നിന്നും 1,20,000 രൂപ വീതം തട്ടിയെടുത്തു. ഈ തുക ർതിരികെ ആവശ്യപ്പെട്ടപ്പോള്‍ ശത്രുതാ മനോഭാവത്തോടെയാണ് ഏജന്‍സി അധികൃതര്‍ തട്ടിപ്പിന് ഇരയായവരോട് പെരുമാറിയതെന്നും വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.  

കരുനാഗപ്പള്ളി സ്വദേശിനി രശ്മി, കോഴിക്കോട് പയ്യനാട് സ്വദേശി മുഹമ്മദ് റിയാസ്, കൊല്ലം വളത്തുങ്കല്‍ സ്വദേശി സജി, കോഴിക്കോട് സ്വദേശിനി മായ, മുണ്ടക്കയം സ്വദേശി സുബിന്‍ എന്നിവരാണ് തട്ടിപ്പില്‍ അകപ്പെട്ട് യുഎഇയില്‍ ദുരിതമനുഭവിക്കുന്നത്. തട്ടിപ്പില്‍ അകപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് കെ.സി.വേണുഗോപാല്‍ എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios