പല തവണ ഇയാള്‍ പിടിയിലായിരുന്നു. നിബന്ധനകളും മുന്നറിയിപ്പുകളും നല്‍കി ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍ പിന്നീടും ആശിഷ് നിരന്തരം യുവതിയെ ശല്യപ്പെടുത്തി.
ലണ്ടൻ: സഹപ്രവര്‍ത്തകയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത 26കാരനായ മലയാളി യുവാവിനെ യുകെയില്‍ നിന്ന് നാടുകടത്തിയേക്കും. ആശിഷ് ജോസ് പോള്‍ എന്ന യുവാവാണ് നടപടി നേരിടുന്നത്. ലണ്ടന്‍ മൃഗശാലയിൽ വെച്ച് യുവാവ് യുവതിയോട് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയും യുവതി ഇത് നിരസിച്ച ശേഷവും ശല്യം ചെയ്യുകയുമായിരുന്നെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള ആറ് മാസ കാലയളവില്‍ ഇയാള്‍ മുന്‍ സഹപ്രവര്‍ത്തകയായ ലുറ്റാറിറ്റ മാസിയുലോണൈറ്റെ എന്ന വിദേശ വനിതയോട് ഇയാള്‍ ടെക്സ്റ്റ് മെസേജുകളിലൂടെയും പൂക്കളും ചോക്കലേറ്റുകളും അയച്ചും നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ലുറ്റാറിറ്റ മാസിയുലോണൈറ്റെയാണ് ആശിഷിനെതിരെ പരാതി നല്‍കിയത്. താല്‍പ്പര്യമില്ലെന്ന് പറഞ്ഞ ശേഷവും യുവാവ് യുവതിയെ വിടാതെ പിന്തുടര്‍ന്നെന്നാണ് പരാതി.
ലണ്ടനിലെ മൃഗശാലയിലെ കോഫി ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് ആശിഷ് ഒപ്പം ജോലി ചെയ്ത യുവതിയോട് നിരന്തരം പ്രണയാഭ്യർഥന നടത്തിയത്. ഒടുവിൽ നിവൃത്തിയില്ലാതെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് അറസ്റ്റിലായ യുവാവിന് യുവതിയെ ഇനി ശല്യപ്പെടുത്തരുതെന്ന നിബന്ധനയോടെ ജാമ്യം അനുവദിച്ചിട്ടും ശല്യം തുടരുകയായിരുന്നു. പിന്നീടും ഇയാള്‍ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. ഫോണിലൂടെയും ഇയാള്‍ ശല്യം തുടര്‍ന്നു.
പല തവണ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മൃഗശാലയുടെ പരിധിയില്‍ പോകരുതെന്ന നിബന്ധനയോടെ വീണ്ടും ജാമ്യം അനുവദിച്ചു. പിന്നെയും ഇത് തുടര്‍ന്ന ആശിഷ് തനിക്ക് യുവതിയോട് പ്രണയമാണെന്ന് റോയല്‍ പാര്‍ക്ക് ജീവനക്കാരോട് പറഞ്ഞു. യുവതിയെ നിരന്തരം ഫോണില്‍ ശല്യം ചെയ്ത യുവാവ് മൂന്ന് സിം കാര്‍ഡുകളും സുഹൃത്തിന്‍റെ ഫോണും ഇതിനായി ഉപയോഗിച്ചിരുന്നു.
ആറു മാസത്തെ ജയിൽ ശിക്ഷ കൂടാതെ 20 ദിവസത്തെ റിഹാബിലിറ്റേഷൻ ജോലികൾ ചെയ്യാനും കോടതി നിർദ്ദേശിച്ചു. 2025 സെപ്റ്റംബറിൽ പോളിന്‍റെ വിസ കാലാവധി കഴിയുമ്പോൾ, നാടുകടത്താനുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചതായി ജഡ്ജി മുന്നറിയിപ്പ് നൽകി. നിങ്ങൾ അവളെ വെറുതെ വിടണം, ഇല്ലെങ്കില്‍ അഞ്ച് വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി. ആശിഷിന്‍റെ നിരന്തരമുള്ള ശല്യം തന്നെ വല്ലാതെ ബാധിച്ചെന്നും എപ്പോഴും പേടിയോടെ നടക്കേണ്ടതായി വന്നെന്നും യുവതി പറഞ്ഞു. ആശിഷിന് പുതിയ വിസ ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്താൻ സാധ്യതയുണ്ടെന്ന് ജഡ്ജി വ്യക്തമാക്കി.
