റിയാദ്​: സൗദി കിഴക്കൻ പ്രവിശ്യയിലെ ഖഫ്​ജിയിലുണ്ടായ വാഹാപകടത്തിൽ മലയാളി നഴ്​സ്​ മരിച്ചു. ദമ്മാമിൽ നിന്ന്​ മുന്നൂറ്​ കിലോമീറ്ററകലെ ഖഫ്ജിയിൽ കാറുകൾ കൂട്ടിയിടിച്ചാണ്​ കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരൻ ജോജോയുടെ ഭാര്യയുമായ മേരി ഷിനോ (34) മരിച്ചത്.

സഫാനിയ എന്ന സ്ഥലത്ത്​ ആരോഗ്യമന്ത്രാലയത്തിന്​ കീഴിലുള്ള കമ്യൂണിറ്റി ഹെൽത്ത്​ ക്ലിനിക്കിൽ നാല്​ വർഷമായി സ്​റ്റാഫ്​ നഴ്‌സായിരുന്നു. നാലു മാസമായി നാരിയ എന്ന സ്ഥലത്തെ ക്ലിനിക്കിൽ താൽക്കാലികമായി ജോലി ചെയ്തുവരികയായിരുന്നു. ഇവിടുത്തെ നഴ്‌സ് അവധിയിൽ നാട്ടിലായത്​ കൊണ്ടാണ്​ താൽക്കാലിക സ്ഥലം മാറ്റമുണ്ടായത്​. മേരി സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തൽക്ഷണം മരണം സംഭവിച്ചു. ഷിനോയുടെ സഹോദരൻ ബിനോയ് കുരുവിള ദമാമിലെ നാപ്‌കോ കമ്പനി ജീവനക്കാരനാണ്.