എട്ടു വർഷം മുൻപ് ഒരു കമ്പനിയിൽ ക്ലീനിംഗ് ജോലിക്കായി എത്തിയ ഇവരുടെ ദുരിത ജീവിതം തുടങ്ങുന്നത് ഒരു വർഷം മുൻപാണ്

റിയാദ്: നിതാഖാത്തിൽ പെട്ട് സൗദിയിൽ കുടുങ്ങിയ മലയാളി വനിതകളെ സാമൂഹ്യ പ്രവർത്തകർ ഇടപെട്ടു നാട്ടിലെത്തിച്ചു. സൗദിയുടെ വടക്കു പടിഞ്ഞാറ് പ്രവിശ്യയിൽപ്പെട്ട ഹായിൽ കുടുങ്ങിയ അഞ്ചു മലയാളികൾ ഉൾപ്പെടെ ആറു വനിതകളാണ് നാട്ടിൽ തിരിച്ചെത്തിയത്. 

ആലപ്പുഴ സ്വദേശിനി ഗീതമ്മ നിലമ്പൂർ സ്വദേശിനി ഖയറുന്നിസ കോതമംഗലം സ്വദേശിനി ശ്രീദേവി പത്തനംതിട്ട സ്വദേശിനി മിനി തിരുവനന്തപുരം സ്വദേശിനി ഗീത തമിഴ്‌നാട് സ്വദേശിനി അജ്ഞലി എന്നിവരാണ് ഒരുവർഷത്തോളം സൗദിയിൽ ദുരിത ജീവിതം നയിച്ചത്. എട്ടു വർഷം മുൻപ് ഒരു കമ്പനിയിൽ ക്ലീനിംഗ് ജോലിക്കായി എത്തിയ ഇവരുടെ ദുരിത ജീവിതം തുടങ്ങുന്നത് ഒരു വർഷം മുൻപാണ്.

നിതാഖത്തിൽപ്പെട്ട് കമ്പനിയുടെ പ്രവർത്തനം തടസ്സപ്പെടുകയും ഇവരുടെ ജോലി നഷ്ടപ്പെടുകയുമായിരുന്നു.
ഭക്ഷണത്തിനു പോലും വകയില്ലാതെ യാതന അനുഭവിച്ച ഇവരുടെ ദയനീയ അവസ്ഥ സാമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിച്ചിരുന്നു. ഹായിൽ ഒ.ഐ.സി.സി പ്രസിഡണ്ട് താഹ കനിയുൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകർ ഇവരുടെ വിഷയത്തിൽ ഇടപെടുകയും അധികൃതർക്ക് പരാതിനൽകുകയും ചെയ്തിരുന്നു. 

തുടർന്ന്, ഇവരുടെ ശമ്പള കുടിശിക നൽകാൻ ഇവർ ജോലി ചെയ്തിരുന്ന കമ്പനി തയ്യാറാവുകയും എംബസി ഇടപെട്ട് ഇവർക്ക് ഫൈനൽ എക്സിറ്റ് ലഭ്യമാക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തകർ നൽകിയ ടിക്കറ്റിലാണ് ഇന്ന് പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ ഇവർ തിരുവനന്തപുരത്തു എത്തിയത്.