വിമാനത്തിൽ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ രണ്ടു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ടൊറന്‍റോ: കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് മലയാളി യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത്. വിമാനത്തിൽ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ രണ്ടു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായുള്ള ഡെൽറ്റ, കിസിക് ഏരിയൽ സർവേ ഇൻ‌കോർപ്പറേറ്റഡിലാണ് ഗൗതം സന്തോഷ് ജോലി ചെയ്തിരുന്നത്. ജൂലൈ 26 ന് വൈകിട്ട് ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഗൗതം സന്തോഷിന്‍റെ മരണം ടൊറോണ്ടോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി കോൺസുലേറ്റ് ജനറൽ മലയാളി യുവാവിന്‍റെ മരണം സ്ഥിരീകരിച്ചത്. യുവാവിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകുന്നതിനായും ദുഃഖിതരായ കുടുംബവുമായും കാനഡയിലെ പ്രാദേശിക അധികാരികളുമായും ബന്ധപ്പെടുന്നതായും കോൺസുലേറ്റ് അറിയിച്ചു. വിമാനത്തില്‍ 54കാരനായ പൈലറ്റും യുവാവുമാണ് ഉണ്ടായിരുന്നതെന്ന് റോയല്‍ മൗണ്ടഡ് പൊലീസ് സ്ഥിരീകരിച്ചു.

ജൂലൈ മാസത്തിൽ ഇത് രണ്ടാം തവണയാണ് കാനഡയിൽ തന്നെ വിമാനാപകടത്തിൽ മലയാളി യുവാവ് മരിക്കുന്നത്. നേരത്തെ കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് മരണപ്പെട്ടിരുന്നു. അപകടത്തിൽ കാനഡ സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും മരിച്ചിരുന്നു. കാനഡയിൽ പ്രൈവറ്റ് ഫ്ലയിംഗ് ലൈസൻസുള്ള ശ്രീഹരി കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസിന് വേണ്ടിയുള്ള പരിശീലനത്തിനിടെ ആണ് മറ്റൊരു വിമാനത്തിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാനഡയിലെ മാനിടോബയിൽ സ്റ്റൈൻ ബാക് സൗത്ത് എയർപോട്ടിന് സമീപം ജൂലൈ ഒമ്പത് ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.45നായിരുന്നു അപകടം.

Scroll to load tweet…