ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. യുവാവ് തന്നെ സ്‍പര്‍ശിക്കുന്നത് മനസിലാക്കിയ പെണ്‍കുട്ടി ഉടനെ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

ദുബൈ: 12 വയസുകാരിയെ അപമര്യാദയായി സ്‍പര്‍ശിച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാരന് ദുബൈ കോടതി ശിക്ഷ വിധിച്ചു. ദുബൈയിലെ ഒരു ഷോപ്പിങ് സെന്ററിനുള്ളില്‍ ഡാന്‍സിങ് ഫൌണ്ടന്‍ വീക്ഷിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ ശരീരത്തിന്റെ പിന്‍ഭാഗത്ത് അപമര്യാദയായി സ്‍പര്‍ശിച്ചത്. കുട്ടിയുടെ അമ്മയും സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. യുവാവ് തന്നെ സ്‍പര്‍ശിക്കുന്നത് മനസിലാക്കിയ പെണ്‍കുട്ടി ഉടനെ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണ സംഘം ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നിഷേധിച്ചു. കുട്ടിയെ ഉപദ്രവിച്ചതിനാണ് പ്രോസിക്യൂഷനും കുറ്റം ചുമത്തിയിരുന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം മൊഴി കണക്കിലെടുത്ത കോടതി പ്രതിക്ക് മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഇയില്‍ നിന്ന് നാടുകടത്തുകയും ചെയ്യും. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനാവും.