ദുബായ്: ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നാല് കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ ദുബായില്‍ പിടിയിലായ യുവാവിനെതിരെ വിചാരണ തുടങ്ങി. 30കാരനായ പാകിസ്ഥാന്‍ പൗരനാണ് ദുബായില്‍ അറസ്റ്റിലായത്. ഇയാള്‍ തന്റെ തന്റെ നാട്ടിലുള്ള ഒരാളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പിന്തുടര്‍ന്നാണ് ദുബായ് പൊലീസ് ഇയാളെ പിടികൂടിയത്.

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ വെച്ച് പിടിയിലായ ഇയാളില്‍ നിന്ന് വിതരണത്തിന് കൊണ്ടുവന്ന മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. മൂന്ന് കിലോഗ്രാം മയക്കുമരുന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. സൗദി അധികൃതരുടെ സഹകരണത്തോടെ അവിടെ നടത്തിയ പരിശോധനയിലാണ് ഒരു കിലോ മയക്കുമരുന്ന് ജിദ്ദയില്‍ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു.