മസ്‍കത്ത്: ഒമാനില്‍ അനധികൃതമായി പുകയില വില്‍പന നടത്തിയ തൊഴിലാളി അറസ്റ്റിലായി. മുസന്ന വിലായത്തിലാണ് സംഭവം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഒരു കഫേയില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയത്. ചവയ്‍ക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള പുകയില ഉത്‍പന്നം, സാന്റ്‍വിച്ചിനുള്ളില്‍ നിറച്ചാണ് വില്‍പന നടത്തിയത്. ഭക്ഷണം ചൂടാക്കുന്ന മെഷീനില്‍ വെച്ച് ഇത് തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തൊഴിലാളി, ഉദ്യോഗസ്ഥരുടെ പിടിയിലായത്. പിടിച്ചെടുത്ത പുകയിലയുടെ അളവും അറസ്റ്റ് റിപ്പോര്‍ട്ടും അടിസ്ഥാനപ്പെടുത്തി 2000 ഒമാനി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്.