തന്റെ മക്കളെ നായ ഭയപ്പെടുത്തുമായിരുന്നെന്നും അതിനാലാണ് നായയെ കൊല്ലാന്‍ തീരുമാനിച്ചതെന്നും അറസ്റ്റിലായ പ്രതി പറഞ്ഞു. നായയെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ഇയാളുടെ മകനാണ് ചിത്രീകരിച്ചതെന്നാണ് വിവരം.

കെയ്‌റോ: ഈജിപ്തില്‍ തെരുവുനായയെ ഉപദ്രവിച്ച് കൊല്ലുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. നായയെ തൂക്കി കൊല്ലുന്നതിനിടെ ഇയാള്‍ നായയുടെ തലക്ക് നീളമുള്ള വടി വെച്ച് അടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വീഡിയോ വൈറലായതോടെ ഈജിപ്ത് പോലീസ് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കര്‍ഷകനാണ് അറസ്റ്റിലായ പ്രതി. തന്റെ മക്കളെ നായ ഭയപ്പെടുത്തുമായിരുന്നെന്നും അതിനാലാണ് നായയെ കൊല്ലാന്‍ തീരുമാനിച്ചതെന്നും അറസ്റ്റിലായ പ്രതി പറഞ്ഞു. നായയെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ഇയാളുടെ മകനാണ് ചിത്രീകരിച്ചതെന്നാണ് വിവരം. ഇത് താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിക്ക് മകന്‍ അയച്ചു നല്‍കി. ഈ പെണ്‍കുട്ടി വീഡിയോ മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയുമായിരുന്നു.

വീഡിയോ വൈറലായതോടെ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവുമായി മൃഗക്ഷേമ അസോസിയേഷനും ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. പ്രതിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വെക്കാനാണ് പബ്ലിക് പ്രോസിക്യൂഷന്‍ തീരുമാനിച്ചിരിക്കുന്നത്.