ഓണ്‍ലൈനില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. അപകടകരമായ സ്റ്റണ്ടുകള്‍ ഇയാള്‍ കാണിക്കുന്നതും വാഹനത്തില്‍ നിന്ന് വീണ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം.
ദുബൈ: ദുബൈയില്‍ ക്വാഡ് ബൈക്കില്‍ പ്രധാന റോഡിലൂടെ അഭ്യാസ പ്രകടനം നടത്തിയ 21കാരനായ ഗള്‍ഫ് സ്വദേശി അറസ്റ്റില്‍. ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ലായിരുന്നെന്ന് ദുബൈ പൊലീസ് അറിയിച്ചു. മരുഭൂമിയിലും കടല്‍ത്തീരത്തും ഓടിക്കേണ്ട ബഗ്ഗി(ക്വാഡ്) ഇയാള്‍ പ്രധാന പാതയില്‍ അശ്രദ്ധമായി ഓടിക്കുകയായിരുന്നു.
ഓണ്‍ലൈനില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. അപകടകരമായ സ്റ്റണ്ടുകള്‍ ഇയാള്‍ കാണിക്കുന്നതും വാഹനത്തില്‍ നിന്ന് വീണ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. വീഴ്ചയില്‍ യുവാവിന് പരിക്കേറ്റു. ലൈസന്‍സില്ലാത്ത ക്വാഡ് ബൈക്കാണ് യുവാവ് ഓടിച്ചതെന്ന് ബര്‍ ദുബൈ പൊലീസ് സ്റ്റേഷന്‍ ആക്ടിങ് ഡയറക്ടര്‍ കേണല്‍ റാഷിദ് മുഹമ്മദ് സാലിഹ് അല്‍ ഷെഹി പറഞ്ഞു.
അപകടരമായ രീതിയില്‍ വാഹനമോടിക്കുക, അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കാര്‍ബണ്‍ മോണോക്സൈഡ് വില്ലനായി; യുവതിയും വളര്‍ത്തു നായയും മരിച്ച നിലയില്‍
ദുബൈ: കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ച് യുവതിയും വളര്‍ത്തു നായയും ദുബൈയിലെ വില്ലയില്‍ മരിച്ച നിലയില്‍. യുവതിയുടെ കൂട്ടുകാരിയെ അവശനിലയില്‍ കണ്ടെത്തി.
അല്‍ ബര്‍ഷയിലെ വില്ലയിലാണ് സംഭവം. ഏഷ്യക്കാരന്‍ വാടകയ്ക്ക് എടുത്ത് നിരവധി കുടുംബങ്ങള്‍ക്ക് ഭാഗിച്ച് നല്‍കിയ വില്ലയിലെ മുറിയിലായിരുന്നു യുവതിയും സുഹൃത്തും താമസിച്ചിരുന്നത്. ഒന്നിലധികം കുടുംബങ്ങള്‍ വില്ലയില്‍ താമസിക്കുന്നതിനാല്‍ അധികൃതര്‍ വീടിന്‍റെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതിന് ശേഷം വാടകക്കാര്‍ ജനറേറ്റര്‍ ഉപയോഗിക്കുകയായിരുന്നു.
മരണം സംഭവിച്ചതിന് തലേ ദിവസം രാത്രി കഴിച്ച ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റതായാണ് സംശയമെന്നാണ് കൂടെയുണ്ടായിരുന്ന ഫിലിപ്പീന്‍സ് സ്വദേശി ആദ്യം പൊലീസിനോട് പറഞ്ഞത്. നായയ്ക്കും ഇതേ ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ഇലക്ട്രിക് ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മൂടിവെച്ച ജനറേറ്റര്‍ പൊലീസ് ഓണാക്കിയതോടെ മിനിറ്റുകള്‍ക്കകം ഇടനാഴികളിലും മുറികളിലും പുക നിറഞ്ഞിരുന്നു.
പ്രധാന വാടകക്കാരന്‍ ജനറേറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് മരണപ്പെട്ട യുവതിയുടെ മുറിയില്‍ വ്യാപിക്കുകയും ഇത് ശ്വസിച്ച് യുവതിയും വളര്‍ത്തുനായയും മരിക്കുകയായിരുന്നെന്ന് ദുബൈ പൊലീസിലെ ക്രൈം സീന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ മകി സല്‍മാന്‍ പറഞ്ഞു. ജനറേറ്ററില്‍ നിന്ന് ദൂരെ മാറിയാണ് മരണപ്പെട്ട യുവതിയുടെ സുഹൃത്ത് താമസിച്ചിരുന്നത്. അതിനാല്‍ അവര്‍ രക്ഷപ്പെട്ടു.
നിശബ്ദ കൊലയാളി എന്ന് വിളിക്കപ്പോടുന്ന കാര്‍ബണ്‍ മോണോക്സൈഡ് വിഷവാതകമാണ്. ഇതിന് നിറമോ മണമോ ഇല്ല. ദീര്‍ഘനേരം ഇത് ശ്വസിക്കുന്നത് മനുഷ്യരുടെയും മൃഗങ്ങളുടെയും മരണത്തിലേക്കും നയിക്കും. ശ്വാസത്തിലൂടെ ശരീരത്തില്‍ പ്രവേശിച്ച് രക്തത്തില്‍ കലര്‍ന്ന് ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിന്‍ തന്മാത്രകളുമായി ബന്ധിപ്പിക്കുകയും ഓക്സിജനുമായി ബന്ധിപ്പിക്കുന്നത് തടയുകയും ചെയ്യുന്നു.
