വിമാനത്താവളത്തില്‍ വെച്ചുള്ള സംശയകരമായ പെരുമാറ്റം കണ്ട് പന്തികേട് തോന്നിയതോടെയാണ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. 

മനാമ: വയറിലൊളിപ്പിച്ച മയക്കുമരുന്നുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. 50,000 ദിനാര്‍ (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) വിലവരുന്ന മയക്കുമരുന്നാണ് ഇയാള്‍ കൊണ്ടുവന്നിരുന്നത്. പിടിയിലായ പ്രവാസിയുടെ രാജ്യം ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വിമാനത്താവളത്തില്‍ വെച്ചുള്ള സംശയകരമായ പെരുമാറ്റം കണ്ട് പന്തികേട് തോന്നിയതോടെയാണ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ എത്തിച്ച് എക്സ്റേ പരിശോധന നടത്തിയപ്പോള്‍ വയറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചത് കണ്ടെത്തുകയായിരുന്നു. ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നിന്റെ 39 ഗുളികകളാണ് ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത്. ഇവയ്‍ക്ക് 300 ഗ്രാം ഭാരമുണ്ടായിരുന്നു.

അധികൃതര്‍ ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പിന്നീട് പുറത്തെടുക്കാവുന്ന തരത്തില്‍ സജ്ജമാക്കിയ മയക്കുമരുന്ന് ഗുളികകള്‍ വിഴുങ്ങുകയായിരുന്നുവെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറ‍ഞ്ഞു. പണം വാങ്ങി മയക്കുമരുന്ന് എത്തിച്ചുകൊടുക്കുക മാത്രമായിരുന്നു ഇയാളുടെ ഉത്തരവാദിത്തം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ പിന്നീട് ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.