ബാങ്കിലെ സിസിടിവി ക്യാമറകളില്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ആളെ തിരിച്ചറിയാതിരിക്കാന്‍ ബുര്‍ഖ ധരിച്ച് മുഖവും ശരീരവും മറച്ചശേഷമാണ് ഇയാള്‍ ബാങ്കിലെത്തിയത്. തോക്ക് ചൂണ്ടിയ ശേഷം കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരോട് പണം ആവശ്യപ്പെട്ടു.

കുവൈറ്റ് സിറ്റി: ബുര്‍ഖ ധരിച്ചെത്തിയ യുവാവ് പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ച ശേഷം പണവുമായി കടന്നു. കുവൈറ്റിലെ ഹവാല്ലി ഗവര്‍ണറേറ്റിലുള്ള ഗള്‍ഫ് ബാങ്ക് ശാഖയിലായിരുന്നു സംഭവം. കളിത്തോക്ക് ചൂണ്ടി ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം പണം വാങ്ങി ഓടി രക്ഷപെടുകയായിരുന്നു. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.

ബാങ്കിലെ സിസിടിവി ക്യാമറകളില്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ആളെ തിരിച്ചറിയാതിരിക്കാന്‍ ബുര്‍ഖ ധരിച്ച് മുഖവും ശരീരവും മറച്ചശേഷമാണ് ഇയാള്‍ ബാങ്കിലെത്തിയത്. തോക്ക് ചൂണ്ടിയ ശേഷം കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരോട് പണം ആവശ്യപ്പെട്ടു. ഇയാളുടെ കൈയിലുണ്ടായിരുന്ന കവറിലേക്ക് ജീവനക്കാര്‍ പണം ഇട്ടുകൊടുത്തതോടെ രക്ഷപെടുകയായിരുന്നു. പുറത്ത് തോക്കുമായി മൂന്ന് പേര്‍ കൂടി നില്‍ക്കുന്നുണ്ടെന്നും തന്നെ പിന്തുടരാനോ എതിര്‍ക്കാനോ ശ്രമിച്ചാല്‍ വകവരുത്തുമെന്നും ഇയാള്‍ പറഞ്ഞു.

വിദേശിയാണ് കൊള്ള നടത്തിയതെന്ന് നേരത്തെ സ്ഥിരീകരിച്ച പൊലീസ്, പിന്നീട് ജോര്‍ദ്ദാനിയന്‍ പൗരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. കൊള്ളയടിച്ച പണത്തിന്റെ ഒരുഭാഗം ഇയാളില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഒരു മാസം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പാക്കിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബാങ്കില്‍ തിരക്ക് കുറവുള്ള സമയം തെരഞ്ഞെടുത്തു. മൂന്ന് ദിനാറിന്റെ കളിത്തോക്കാണ് വാങ്ങിയത്. ഇതിന് പുറമെ ബുര്‍ഖയും പണം കൊണ്ടുപോകാനുള്ള സഞ്ചിയും വാങ്ങി. ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കതരുതെന്ന് ബാങ്ക് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ മനസിലാക്കിയിരുന്നു.

താമസിക്കുന്ന സ്ഥലത്തിന്റെ വാടക നല്‍കാനാണ് ബാങ്ക് കൊള്ളയടിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി..