ദുബായ്: ദുബായില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ബ്ലാക് മെയില്‍ ചെയ്ത ഇന്ത്യക്കാരന്‍ പിടിയില്‍. സെയില്‍സ്‍മാനായി ജോലി ചെയ്തിരുന്ന 31കാരനാണ് ഫിലിപ്പൈന്‍ സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തത്. ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയോട്  താന്‍ ഫ്രഞ്ച് പൗരനാണെന്നും ഒരു സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുകയാണെന്നുമാണ് പ്രതി പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. ബന്ധം ശക്തമായപ്പോള്‍ ഇതിനിടെ തന്റെ നഗ്ന ഫോട്ടോകളും വീഡിയോകളും യുവതി ഇയാള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ മറ്റൊരു ജോലി അന്വേഷിക്കുകയാണെന്ന് യുവതി ഇയാളോട് പറഞ്ഞു. ഇതോടെ തന്റെ പ്രൈവറ്റ് സെക്രട്ടറിയുടേതെന്ന പേരില്‍ ഒരു ഫോണ്‍ നമ്പര്‍ നല്‍കി. ഇതിലേക്ക് ബയോഡേറ്റ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇവര്‍ വാട്സ്ആപ് വഴി ബയോഡേറ്റ കൈമാറി.

പിന്നീട് 'പ്രൈവറ്റ് സെക്രട്ടറിയുടെ' ഈ നമ്പറില്‍ നിന്ന് വാട്സ്ആപ് വഴി ബന്ധപ്പെട്ട് തനിക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വിസമ്മതിച്ച യുവതി, മാനേജറുനായി താന്‍ അടുപ്പത്തിലാണെന്ന് 'പ്രൈവറ്റ് സെക്രട്ടറിയെ' അറിയിക്കുകയായിരുന്നു. എന്നാല്‍ താന്‍ തന്നെയാണ് മാനേജറെന്നും നേരത്തെ കളവ് പറഞ്ഞതാണെന്നും പറഞ്ഞ് ഇയാള്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് യുവതി പിന്മാറി.

എന്നാല്‍ കൈയിലുണ്ടായിരുന്ന നഗ്ന വീഡിയോയും ഫോട്ടോകളും വെച്ച് പിന്നീട് ഇയാള്ർ ബ്ലാക് മെയില്‍ ചെയ്യാന്‍ തുടങ്ങി. വീഡിയോ പ്രചരിപ്പിക്കുമെന്നും അല്ലെങ്കില്‍ 2000 ദിര്‍ഹം തരണമെന്നും ആവശ്യപ്പെട്ടതോടെ യുവതി പൊലീസില്‍ പരാതിപ്പെട്ടു. ഇരുവരും തമ്മിലുള്ള വാട്സ്ആപ് സന്ദേശങ്ങളും പ്രതിയുടെ ഫോണിലെ ദൃശ്യങ്ങളും പൊലീസ് കോടതിയില്‍ ഹാജരാക്കി. വീഡിയോ ഉപയോഗിച്ച് താന്‍ ഭീഷണിപ്പെടുത്തിയെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേസില്‍ ഫെബ്രുവരി 28ന് കോടതി വിധി പറയും.