താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ എഴുനേറ്റ് ഫോണിലെ ലോക്ക് തുറന്ന ശേഷം എല്ലാ വിവരങ്ങളും പരിശോധിക്കുന്നുവെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. ഇതില്‍ നിന്നും തന്റെ ചാറ്റും ചില ചിത്രങ്ങളും സ്വന്തം ഫോണിലേക്ക് പകര്‍ത്തി

റാസല്‍ഖൈമ: മൊബൈല്‍ ഫോണിലെ രഹസ്യ വിവരങ്ങള്‍ പരിശോധിച്ചതിനും അത് സ്വന്തം ഫോണിലേക്ക് പകര്‍ത്തിയതിനും ഭാര്യക്കെതിരെ പരാതിയുമായി യുവാവ് രംഗത്ത്. യുഎഇയിലെ റാസല്‍ഖൈമയിലാണ് സംഭവം. കേസ് ചൊവ്വാഴ്ചയാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്.

താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ എഴുനേറ്റ് ഫോണിലെ ലോക്ക് തുറന്ന ശേഷം എല്ലാ വിവരങ്ങളും പരിശോധിക്കുന്നുവെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. ഇതില്‍ നിന്നും തന്റെ ചാറ്റും ചില ചിത്രങ്ങളും സ്വന്തം ഫോണിലേക്ക് പകര്‍ത്തിയ ശേഷം ഭാര്യ തന്റെ സഹോദരങ്ങളെ കാണിക്കുന്നുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് റാസല്‍ഖൈമ പൊലീസ് ഭാര്യയെ ചോദ്യം ചെയ്തു.

ഭര്‍ത്താവ് മറ്റ് സ്ത്രീകളുമായി ചാറ്റ് ചെയ്യാറുണ്ടെന്നും താന്‍ ഇത് കൈയ്യോടെ പിടികൂടിയപ്പോഴാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടായതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. അതിന് ശേഷം ഫോണിന്റെ പാസ്‍വേഡ് തനിക്ക് പറഞ്ഞുതരികയോ ഫോണില്‍ എന്തെങ്കിലും നോക്കാന്‍ അനുവദിക്കുകയോ ചെയ്യാറില്ലെന്നും ഇവര്‍ മൊഴി നല്‍കി. ഇതോടെ പൊലീസ് തുടര്‍നടപടികള്‍ക്കായി കോടതിയിലേക്ക് അയക്കുകയായിരുന്നു.