കുടുംബ പ്രശ്‍നങ്ങളുടെ പേരിലുണ്ടായ തര്‍ക്കത്തിന്റെ പ്രതികാരമായാണ് പെണ്‍കുട്ടികള്‍ അറബ് വംശജനായ യുവാവിനെതിരെ കള്ളക്കഥ ചമച്ചത്. 

റാസല്‍ഖൈമ: രണ്ട് പെണ്‍കുട്ടികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കഥയുടെ പേരില്‍ യുവാവ് ജയിലില്‍ കഴിഞ്ഞത് രണ്ട് മാസം. തന്റെ മൊബൈല്‍ ഫോണില്‍ യുവാവ് തങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍ബന്ധപൂര്‍വം പകര്‍ത്തിയെന്നായിരുന്നു പെണ്‍കുട്ടികളുടെ ആരോപണം. എന്നാല്‍ റാസല്‍ഖൈമ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്.

കുടുംബ പ്രശ്‍നങ്ങളുടെ പേരിലുണ്ടായ തര്‍ക്കത്തിന്റെ പ്രതികാരമായാണ് പെണ്‍കുട്ടികള്‍ അറബ് വംശജനായ യുവാവിനെതിരെ കള്ളക്കഥ ചമച്ചത്. എന്നാല്‍ രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ യുവാവ്, നഷ്‍ടപരിഹാരം തേടി നല്‍കിയ ഹര്‍ജി കോടതി തള്ളി. പെണ്‍കുട്ടികളിലൊരാളുടെ പിതാവിനെയും മറ്റൊരാളുടെ സഹോദരനെയും പ്രതിയാക്കിയാണ് യുവാവ് മാനനഷ്‍ടത്തിന് കേസ് ഫയല്‍ ചെയ്‍തതെന്ന് എമിറാത്ത് എല്‍ യൌം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

രണ്ട് മാസം ജയിലില്‍ കഴിഞ്ഞതിന് പുറമെ കേസ് കാരണം യുഎഇയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനും യുവാവിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. നാല് മാസമാണ് അധികൃതര്‍ പാസ്‍പോര്‍ട്ട് പിടിച്ചുവെച്ചത്. തനിക്കുണ്ടായ മാനനഷ്ടത്തിനും സല്‍പ്പേരിന് കളങ്കം വന്നതിനും പുറമെ ജയില്‍വാസം കാരണം കടക്കെണിയിലായെന്നും കുട്ടികളുടെ ഫീസ് പോലും അടയ്‍ക്കാന്‍ കഴിഞ്ഞില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സംഭവത്തില്‍ പെണ്‍കുട്ടികള്‍ കള്ളക്കഥയുണ്ടാക്കിയതാണെന്ന് അവരുടെ സഹോദരനും പിതാവിനും അറിയില്ലായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്. മകളും സഹോദരിയും യുവാവിനെതിരെ ഉന്നയിച്ച പരാതി ഇരുവരും പൊലീസിനെ അറിയിക്കുകയാണ് ചെയ്‍തത്. അതിനുള്ള അവകാശം പിതാവിനും സഹോദരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്‍ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona