തന്റെ സഹോദരന്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ടെന്നും ടെസ്റ്റ് തീയ്യതി അടുത്ത് വരികയാണെന്നും ഉദ്ദ്യോഗസ്ഥനോട് പറഞ്ഞു. തനിക്ക് അതുകൊണ്ട് നേട്ടമുണ്ടാകുമെന്നും പറ‍ഞ്ഞപ്പോള്‍ എന്ത് നേട്ടമെന്ന് ഉദ്ദ്യോഗസ്ഥന്‍ തിരിച്ചുചോദിച്ചു.

ദുബായ്: യുഎഇ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് 5000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്തയാള്‍ പിടിയില്‍. തന്റെ സഹോദരന് വേണ്ടിയാണ് പാകിസ്ഥാന്‍ പൗരനായ 46 വയസുകാരന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി ഉദ്ദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്തത്. 

ട്രക്ക് ഡ്രൈവര്‍ കൂടിയായ പാകിസ്ഥാനി പൗരന്‍ നിരവധി തവണ തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ആര്‍ടിഎ ഉദ്ദ്യോഗസ്ഥന്‍ പരാതിപ്പെട്ടത്. സര്‍ക്കാര്‍ ജീവനക്കാരന് കൈക്കൂലി വാഗ്ദാനം ചെയ്തെന്ന കുറ്റം ചുമത്തി ജൂണ്‍ 27നാണ് ഇയാള്‍ക്കെതിരെ അല്‍ മുറഖബ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തന്നെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ വിളിച്ചതെന്ന് ഉദ്ദ്യോഗസ്ഥന്‍ അറിയിച്ചു. പക്ഷേ എന്തിനാണെന്ന് പറഞ്ഞില്ല. തുടര്‍ന്ന് ഫോണ്‍ വിളികള്‍ ആദ്യം അവഗണിച്ചു. പിന്നീട് പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞു.

തന്റെ സഹോദരന്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ടെന്നും ടെസ്റ്റ് തീയ്യതി അടുത്ത് വരികയാണെന്നും ഉദ്ദ്യോഗസ്ഥനോട് പറഞ്ഞു. തനിക്ക് അതുകൊണ്ട് നേട്ടമുണ്ടാകുമെന്നും പറ‍ഞ്ഞപ്പോള്‍ എന്ത് നേട്ടമെന്ന് ഉദ്ദ്യോഗസ്ഥന്‍ തിരിച്ചുചോദിച്ചു. അത് നേരിട്ട് കാണുമ്പോള്‍ പറയാമെന്നായിരുന്നു മറുപടി. ഇതോടെ മേലുദ്ദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം അബു ഹൈല്‍ ഏരിയയില്‍ വെച്ച് കണ്ടുമുട്ടി പണം കൈമാറുമ്പോള്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.