ഏറ്റവും ഉയര്‍ന്ന വേഗത റിപ്പോര്‍ട്ട് ചെയ്തത് ഷാര്‍ജ-ഖോര്‍ഫക്കാന്‍ റോഡിലാണ്. മണിക്കൂറില്‍ 279 കിലോമീറ്റര്‍ വേഗത്തിലാണ് ഈ വാഹനം ചീറിപ്പാഞ്ഞത്.

ഷാര്‍ജ: ഷാര്‍ജ പൊലീസിന്റെ 2021ലെ കണക്ക് പ്രകാരം ആയിരക്കണക്കിന് വാഹനങ്ങളാണ് അപകടകരമായ വേഗതയില്‍ നിരത്തിലൂടെ വാഹനമോടിച്ചത്. വേഗപരിധി മറികടന്ന് 765,560 നിയമലംഘനങ്ങളാണ് ഷാര്‍ജ പൊലീസിന്റെ റഡാര്‍ സംവിധാനത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. ഇതില്‍ നിരവധി പേര്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് വാഹനമോടിച്ചത്.

ഏറ്റവും ഉയര്‍ന്ന വേഗത റിപ്പോര്‍ട്ട് ചെയ്തത് ഷാര്‍ജ-ഖോര്‍ഫക്കാന്‍ റോഡിലാണ്. മണിക്കൂറില്‍ 279 കിലോമീറ്റര്‍ വേഗത്തിലാണ് ഈ വാഹനം ചീറിപ്പാഞ്ഞത്. ഇത്രയും വേഗത്തില്‍ വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കും. ഇതിന് പുറമെ 3,000 ദിര്‍ഹം പിഴയും അടയ്ക്കണം. 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 

2021ല്‍ ഷാര്‍ജയില്‍ ആകെ 1,174,260 ട്രാഫിക് പിഴകള്‍ ചുമത്തിയിട്ടുണ്ടെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗത്തിലെ ട്രാഫിക് ബോധവത്കരണ ശാഖ മേധാവി ക്യാപ്റ്റര്‍ സഊദ് അല്‍ ഷൈബയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.