യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയില്‍ വൈറലായത്. നിരവധി പേര്‍ ഇതിന് കമന്‍റുകളും പങ്കുവെച്ചു. 

ലണ്ടന്‍: വിമാനത്താവളത്തിന്‍റെ റൺവേയിലൂടെ ഒരു യാത്രക്കാരന്‍ ഓടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടിലൂടെ ലക്ഷ്യമില്ലാതെ ഓടുന്ന ഈ യാത്രക്കാരന്‍ ഒരു ഇന്ത്യക്കാരനാണ്. എന്താണ് ഈ വീഡിയോയിലെ സത്യമെന്ന് തിരക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കള്‍.

അനധികൃത കുടിയേറ്റക്കാരനായ ഇന്ത്യയിലേക്ക് നാടുകടത്താന്‍ വിമാനത്തില്‍ കയറ്റുന്നതിനിടെയാണ് നാടകീയ സംഭവം ഉണ്ടായത്. ജൂൺ എട്ട് ഞായറാഴ്ചയാണ് ഇയാൾ അപ്രതീക്ഷിതമായി റൺവേയില്‍ കൂടി ഓടിയത്. ഇയാളെ പിടികൂടാനായി സുരക്ഷാ ഗാര്‍ഡുകള്‍ പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടിലാണ് സംഭവം ഉണ്ടായത്.

ഇന്ത്യയിലേക്ക് നാടുകടത്താന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചത്. മിറ്റി കെയർ ആൻഡ് കസ്റ്റഡി എന്ന കരാർ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ഹോം ഓഫീസിന് വേണ്ടി യുവാവിനെ അനുഗമിച്ചത്. ടെര്‍മിനല്‍ രണ്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് പെട്ടെന്ന് കുതറിമാറിയ ഇയാള്‍ റൺവേയിലേക്ക് ഓടുകയായിരുന്നു. ഇയാള്‍ ഓടുന്ന ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമത്തില്‍ പങ്കുവെക്കുകയുമായിരുന്നു. റൺവേയിലൂടെ ഓടിയ ഇയാളെ പിടിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ മിനിറ്റുകളോളം പിന്നാലെ ഓടി. പിന്നീട് വാനില്‍ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടി അതേ വിമാനത്തില്‍ തന്നെ യുകെയില്‍ നിന്ന് നാടുകടത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മിറ്റി കെയര്‍ ആന്‍ഡ് കസ്റ്റഡി അറിയിച്ചു. ഹോം ഓഫീസും സംഭവത്തില്‍ അന്വേഷണം തുടങ്ങി.

വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായതോടെ പല രീതിയിലും ആളുകള്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ചിലര്‍ വിമാനത്താവള അധികൃതരെ ചോദ്യം ചെയ്തപ്പോള്‍ മറ്റ് ചിലര്‍ യുവാവിന് പിന്നാലെ ഓടുന്ന സുരക്ഷാ ജീവനക്കാരുടെ ഫിറ്റ്നസിനെ കുറിച്ച് കമന്‍റ് ചെയ്തു. പൊലീസിനെ വിളിച്ച് ഇയാളെ പിടികൂടണമായിരുന്നെന്ന് ഒരാള്‍ കമന്‍റ് ചെയ്തു. ഇയാള്‍ വിമാനത്തെയും നിരവധി യാത്രക്കാരെയും അപകടത്തിലാക്കുകയായിരുന്നെന്ന് മറ്റൊരാള്‍ കമന്‍റ് ചെയ്തു. റൺവേയെന്ന പേരിനെ ഇയാള്‍ വേറെ ലെവലിലെത്തിച്ചെന്ന് ഒരാള്‍ തമാശയായി കമന്‍റ് ചെയ്തു.

എയര്‍പോര്‍ട്ടിലെ ടാക്സിവേയിലൂടെ ഓടിയ വ്യക്തിയെ അവിടെ നിന്ന് മാറ്റിയെന്നും പിന്നീട് എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ തുടര്‍ന്നെന്നും ഹീത്രൂ വക്താവ് പറഞ്ഞു.

Scroll to load tweet…