ദുബായ്: വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരനെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. 4.1 കിലോഗ്രാം ഹാഷിഷാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 52കാരനായ ഇന്ത്യന്‍ പൗരന്‍ സന്ദര്‍ശക വിസയിലാണ് ദുബായിലെത്തിയത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എക്സ് റേ പരിശോധന നടത്തിയപ്പോഴാണ് ബാഗില്‍ സംശയകരമായ ചില വസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലഗേജ് തുറന്ന് പരിശോധിച്ചു. നാല് ജീന്‍സുകളായിരുന്നു ബാഗിലുണ്ടായിരുന്നത്. പോക്കറ്റുകളില്‍ പ്രത്യേക കവറുകളിലാക്കി മയക്കുമരുന്ന് സൂക്ഷിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ലഗേജാണെന്ന് മനസിലാക്കിയതോടെ വിമാന കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് കൊണ്ടുവന്നയാളെ തിരിച്ചറിഞ്ഞു.

ആന്റി നര്‍കോട്ടിക്സ് സിഐഡി വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. ബാഗില്‍ മയക്കുമരുന്ന് കൊണ്ടുവന്ന കാര്യം ഇയാള്‍ സമ്മതിച്ചു. ദുബായിലുള്ള ഒരാള്‍ക്ക് കൊടുക്കാനായി കൊണ്ടുവന്നതാണിതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. കേസില്‍ മാര്‍ച്ച് ആറിന് ദുബായ് കോടതി വിധി പറയും.